തനിക്കു നേരിടേണ്ടി വന്ന അതിക്രമത്തെപ്പറ്റി നടി ഭാവന കഴിഞ്ഞ ദിവസം ആദ്യമായി പൊതുവേദിയില് പ്രതികരിച്ചിരുന്നു.
ഇപ്പോഴിതാ ഭാവനയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് സുഹൃത്തും നടിയുമായ പാര്വതി തിരുവോത്ത്.
ഭാവനയുടെ തിരിച്ചുവരവും അവള് അവള്ക്കു വേണ്ടി സംസാരിച്ചതും ഏറ്റവും വലിയ കാര്യമാണെന്ന് ഒരു മാധ്യമത്തോട് പാര്വതി പ്രതികരിച്ചു.
അക്രമിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ഒരു പൊതുവേദിയില് ഭാവന ഇക്കാര്യങ്ങള് തുറന്നു പറഞ്ഞത്. താന് ഒരു ഇരയല്ലെന്നും അതജീവിതയാണെന്നും നടി വ്യക്തമാക്കി.
വനിതാ ദിനത്തോട് അനുബന്ധിച്ച് പ്രശസ്ത മാധ്യമ പ്രവര്ത്തക ബര്ഖാ ദത്ത് ‘വി ദ വുമന് ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേര്ന്ന് നടത്തുന്ന ‘ഗ്ലോബല് ടൗണ് ഹാള്’ പരിപാടിയിലായിരുന്നു ഭാവനയുടെ പ്രതികരണം
ഭാവനയുടെ വാക്കുകള് ഇങ്ങനെ…
ഞാന് ഭയപ്പെടുന്നുണ്ട്. ഈ പോരാട്ടം ഒരിക്കലും എളുപ്പമല്ല എന്ന് എനിക്ക് അറിയാം. ട്രയല് ആരംഭിക്കുമ്പോള് എന്തുകൊണ്ടാണ് എന്ന് ചോദിച്ച് കഴിഞ്ഞാല് എന്തു പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു.
ചിലപ്പോള് എനിക്ക് വളരെ വിഷമമായിരിക്കും, വലിയ നിരാശയിലായിരിക്കും, ദേഷ്യത്തിലായിരിക്കും.
നടന് പേര് ഉള്പ്പെട്ടതിന് ശേഷം എനിക്ക് സിനിമകള് നിഷേധിക്കപ്പെട്ടിരുന്നു. എന്നാല് പലരും എനിക്ക് മലയാള സിനിമയില് ചാന്സ് തന്നിരുന്നു.
മലയാളത്തിലേക്ക് മടങ്ങി വന്ന് സിനിമകള് ചെയ്യണമെന്ന് പലരും നിര്ബന്ധിച്ചിരുന്നു. ആഷിഖ് അബു, പൃഥ്വിരാജ്, ജിനു എബ്രഹാം, ഭദ്രന് സാര്, ഷാജി കൈലാസ്, ജയസൂര്യ അങ്ങനെ കുറേപ്പേര് സിനിമാ ഓഫറുകളുമായി എന്നെ സമീപിച്ചിരുന്നു.
എന്നാല് അഞ്ച് വര്ഷത്തോളം ഞാന് അതെല്ലാം നിരസിച്ചു. മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് ഭയങ്കര മനോവിഷമമുണ്ടാക്കുന്ന ഒന്നായിരുന്നു.
ഒന്നും സംഭവിച്ചിട്ടില്ല എന്ന രീതിയില് ജോലി ചെയ്യാന് എനിക്ക് സാധിക്കില്ലായിരുന്നു. കേസിനിടയില് മലയാളത്തില് അഭിനയിക്കാതെ മറ്റ് ഭാഷകളില് സജീവമായത് എന്റെ മനസിന്റെ സമാധാനത്തിന് ആയിരുന്നു.
എന്നാല് ഇപ്പോള് ഞാന് മലയാളം തിരക്കഥകള് കേള്ക്കാന് തുടങ്ങി. ഞാന് ഇതിനെതിരെ അവസാനം വരെ പോരാടും. എന്റെ ഭര്ത്താവ്, കുടുംബം, സുഹൃത്തുക്കള്, പ്രേക്ഷകര് തുടങ്ങി എന്നെ പിന്തുണയ്ക്കാന് പലരുമുണ്ട്. ഞാന് അവരോടെല്ലാം നന്ദി പറയുന്നു.
2020ല് ഹിയറിംഗ് ആരംഭിച്ചപ്പോള് 15 ദിവസം കോടതിയില് പോകേണ്ടി വന്നു. ഞാന് തെറ്റൊന്നും ചെയ്തിട്ടില്ല നിഷ്ക്കളങ്കയാണെന്ന് തെളിയിക്കാനായാണ് വന്നിരിക്കുന്നതെന്ന് കോടതിയില് ഇരിക്കുന്ന ഓരോ സെക്കന്റിലും എന്റെ മനസില് വന്നു.
ഏഴ് അഭിഭാഷകര് പലതും ചോദിച്ചപ്പോഴും ക്രോസ് ചെക്ക് ചെയ്പ്പോഴും വീണ്ടും പരിശോധിച്ചപ്പോഴുമാണ് എനിക്ക് ഞാന് ഒറ്റയ്ക്കാണെന്ന് തോന്നിപ്പോയത്.
എന്നെ പിന്തുണയ്ക്കാന് ഒരുപാട് ആളുകള് ഉണ്ടായിരുന്നുവെങ്കിലും കോടതിയില് എനിക്കൊപ്പം ആരുമുണ്ടായിരുന്നില്ല.
ഞാന് ഒരു തെറ്റും ചെയ്തിട്ടില്ല, നിരപരാധിയാണ് എന്ന് തെളിയിക്കാന് വേണ്ടി വീണ്ടും വീണ്ടും ആ സംഭവങ്ങളിലൂടെ 15 ദിവസം കടന്നു പോയപ്പോള് ഒറ്റയ്ക്കായത് പോലെ തോന്നി. ഇത് എന്റെ മാത്രം പോരാട്ടമാണെന്ന് തോന്നി.