പുരുഷനില്‍ നിന്ന് താന്‍ പ്രതീക്ഷിക്കുന്നത് സത്യസന്ധത! വിവാഹത്തിലെത്തുന്നില്ലെന്ന് കരുതി പ്രണയം സഫലമാകാതിരിക്കുന്നുമില്ല; വെളിപ്പെടുത്തലുകളുമായി നടി പാര്‍വതി

തന്റെ നിലപാടുകളും അഭിപ്രായങ്ങളും എവിടെയും തുറന്ന് പറയാന്‍ മടി കാണിക്കാത്തയാളാണ് നടി പാര്‍വ്വതി. അതുകൊണ്ടു തന്നെയാവണം, നടി എന്ന നിലയിലും വ്യക്തി എന്ന നിലയിലും പാര്‍വ്വതിക്ക് ആരാധകരേറെയാണ്. മലയാളം, തമിഴ് എന്നീ തെന്നിന്ത്യന്‍ ഭാഷകളും കടന്ന് ബോളിവുഡില്‍ എത്തി നില്‍ക്കുകയാണ് ഈ അഭിനേത്രി. തനുജ ചന്ദ്ര സംവിധാനം ചെയ്യുന്ന ഖരീബ് ഖരീബ് സിംഗിളില്‍ ഇര്‍ഫാന്‍ ഖാനൊപ്പമാണ് പാര്‍വ്വതി അഭിനയിക്കുന്നത്. ആദ്യ ബോളിവുഡ് ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വ്വതി തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയത്.

ചിത്രത്തില്‍ പാര്‍വ്വതിയുടെ കഥാപാത്രം ജയക്ക് പ്രണയത്തെക്കുറിച്ച് തന്റേതായ നിലപാടുകളുണ്ട്. എല്ലാ പ്രണയങ്ങളും സന്തോഷിപ്പിക്കാന്‍ പോന്നവയല്ലെന്ന തിരിച്ചറിവിലും പ്രണയത്തിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് ജയ. പ്രണയകഥകളെല്ലാം വിവാഹം എന്ന ക്ലൈമാക്‌സില്‍ എത്തുന്നില്ല എന്നത് കൊണ്ട് ആ സ്‌നേഹം പൂര്‍ണ്ണമാകാതിരിക്കുന്നില്ല. സ്വാര്‍ത്ഥതയും കപടതയും എളുപ്പം തിരിച്ചറിയുന്ന താന്‍ സത്യസന്ധതയാണ് പുരുഷനില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്ന് പാര്‍വ്വതി വിശദീകരിക്കുന്നു. പ്രണയം ബാഹ്യസൗന്ദര്യത്തെ മാത്രം അധിഷ്ഠിതമാക്കിയ ഒന്നാണെന്ന ധാരണ സിനിമകളില്‍ നിന്നും മാറ്റേണ്ട സമയം കഴിഞ്ഞു.

ഇത്തരത്തില്‍ പ്രണയത്തെക്കുറിച്ച് വളരെ സത്യസന്ധമായൊരു ചിത്രമാണ് ഖരീബ് ഖരീബ് സിംഗിള്‍ പങ്ക് വയ്ക്കുന്നതെന്നും പാര്‍വ്വതി പറയുന്നു. തങ്ങളുടെ പൂര്‍വ്വകാല ബന്ധങ്ങള്‍ തേടി യാത്രയാകുന്ന ജയയും യോഗിയും കണ്ട് മുട്ടുന്നതും പിന്നീടു നടക്കുന്ന സംഭവബഹുലമായ സംഗതികളിലൂടെയുമാണ് ചിത്രം പുരോഗമിക്കുന്നത്. നവംബര്‍ പത്തിനാണ് ചിത്രം തിയറ്ററില്‍ എത്തുന്നത്. സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്ന അതേനിലപാടുകളാണ് പ്രണയത്തെക്കുറിച്ച് തനിക്കുമുള്ളതെന്നാണ് പാര്‍വതി പറയുന്നത്. പ്രണയം ഹൃദയവും ഹൃദയവും തമ്മില്‍ തോന്നുന്നതാണെന്നും അല്ലാതെ ബാഹ്യസൗന്ദര്യത്തോട് തോന്നുന്ന ആകര്‍ഷണത്തെ പ്രണയമെന്ന് വിളിക്കാന്‍ സാധിക്കുകയില്ലെന്നുമാണ് പാര്‍വതി പറയുന്നത്.

Related posts