മലയാള സിനിമയില് ഉയര്ന്നിരിക്കുന്ന സെക്സ് റാക്കറ്റ് വിവാദത്തെക്കുറിച്ച് പ്രതികരിച്ച് നടി പാര്വതി.
മലയാള സിനിമയിലെ സെക്സ് റാക്കറ്റിനെ കുറിച്ച് മിണ്ടാതിരിക്കുന്നത് ജീവഭയം കൊണ്ടാണെന്ന് നടി പറഞ്ഞു.
സെക്സ് റാക്കറ്റ് അടക്കം സുഗമമായി നടത്തി കൊടുക്കുന്ന ഒരു സ്ട്രക്ചര് ഇന്ഡസ്ട്രിയില് ഉണ്ട്. സൂപ്പര് താരങ്ങള് ഇതിനെതിരെ ശബ്ദിക്കാത്തത് എന്തുകൊണ്ടാണെന്ന് പാര്വതി ചോദിച്ചു.
പള്സര് സുനിയുടെ കത്തില് പറയുന്ന സിനിമയിലെ സെക്സ് റാക്കറ്റിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു പാര്വതി പ്രതികരിച്ചത്.
പാര്വതിയുടെ വാക്കുകള് ഇങ്ങനെ… അടിസ്ഥാനപരമായി ജോലി ചെയ്യുക, പോവുക എന്നത് ഇവിടെ അനുവദനീയമായിട്ടുള്ള കാര്യമല്ല.
സെക്സ് റാക്കറ്റ് അടക്കം സുഗമമാക്കി കൊടുക്കുന്ന സ്ട്രക്ചര് ഇന്ഡസ്ട്രിക്ക് അകത്തുണ്ട്. അതിനെ കുറിച്ച് വളരെ വ്യക്തമായി ഹേമ കമ്മിറ്റി റിപ്പോര്ട്ടില് തങ്ങള് പറഞ്ഞിട്ടുണ്ട്.
ഇന്ഡസ്ട്രിയില് സെക്സ് റാക്കറ്റ് ഉണ്ടെന്ന് പറയുന്നതില് ഒരിക്കലും താന് അതിശയപ്പെടുന്നില്ല.
ഇങ്ങനെയൊരു കാര്യം ഉണ്ടെന്ന് താന് പറയുന്നത്, നിര്മ്മാതാക്കള് ആണെങ്കിലും, സംവിധായകന് ആണെങ്കിലും, പ്രൊഡക്ഷന് കണ്ട്രോളര്മാര് ആണെങ്കിലും, എക്സിക്യൂട്ടേര്സ് ആണെങ്കിലും കോംപ്രമൈസ് ചെയ്യൂ, ഒറ്റക്ക് പോയി മീറ്റ് ചെയ്താല് മതി കൂടെയാരും വേണ്ട എന്നു പറയും.
ഇങ്ങനെ പറഞ്ഞുള്ള ഫോണ് കോളുകളും കാര്യങ്ങളും തന്റെ നിരവധി സുഹൃത്തുക്കള്ക്ക്, നടിമാര് മാത്രമല്ല, ഇന്ഡസ്ട്രിയില് ഏത് ഡിപ്പാര്ട്മെന്റിലെ സ്ത്രീ ആയാലും അവര്ക്ക് അങ്ങനത്തെ അനുഭവം ഉണ്ടായിട്ടുണ്ട്. തനിക്ക് അടക്കം.
ഇതിന്റെ എല്ലാ ഡീറ്റെയ്ല്സും ഹേമ കമ്മിറ്റി റിപ്പോര്ട്ടില് പറഞ്ഞിട്ടുണ്ട്. ഇന്ഡസ്ട്രിയില് ഒരു വ്യക്തിയും, നമ്മള് സൂപ്പര് ഹീറോ എന്ന് വിളിക്കുന്ന താരങ്ങള് പോലും ഇതിനെതിരെ ഒരക്ഷരം പോലും മിണ്ടാത്തതിന് പിന്നില് എന്തായിരിക്കും കാരണം? 17 വയസുള്ളപ്പോളാണ് താന് സിനിമയിലേക്ക് വരുന്നത്.
കലയോടുള്ള സ്നേഹവും തനിക്ക് അതിനുള്ള ടാലന്റ് ഉള്ളതു കൊണ്ട് തന്നെയാണ് ഇവിടെ നിലനില്ക്കുന്നത്.
അതുകൊണ്ട് വേറെ ആരുടെയും സഹായമോ ഔദാര്യമോ ഒന്നിന്റെയും ആവശ്യമോ വന്നിട്ടില്ല. ഇതിനെ ഒക്കെ ഒഴിവാക്കി വിടാനായി ഒരുപാട് കാലം ഒരുപാട് കാര്യങ്ങളിലൂടെ താന് കടന്നു പോയിട്ടുണ്ട്.
മീടു മൂവ്മെന്റ് തിരമാല പോലെ അടിച്ച് പോയ്കൊണ്ടിരിക്കുമ്പോള് പലരും പല കാര്യങ്ങളും തുറന്നു പറയുന്നുണ്ട്. പക്ഷെ തനിക്കൊരു പേര് പുറത്തെടുത്ത് പറയാന് പറ്റാത്തതാണ്.
നമുക്ക് ഒരുമിച്ച് നിന്നാല് പേര് പറയാമെന്ന് സിനിമയില് ഇല്ലാത്തവരോടും ഉള്ളവരോടും താന് സംസാരിച്ചിട്ടുണ്ടെന്നും തനിക്ക് ജീവഭയം ഉള്ളതു കൊണ്ടാണ് ആ പേരുകള് പറയാത്തത് എന്നും പാര്വതി പറയുന്നു.