മക്കള്ക്കായി ജീവിതം ഉഴിഞ്ഞുവച്ച് അവരെ ഉയരങ്ങളിലെത്തിക്കാന് അക്ഷീണ പരിശ്രമം നടത്തുന്ന സ്ത്രീകളുടെ പ്രതിനിധിയാണ് ഉദാഹരണം സുജാതയിലെ മഞ്ജുവാര്യര് അഭിനയിച്ച കഥാപാത്രം. ആ ചിത്രം കണ്ട ശേഷം സ്വന്തം വീട്ടിലെ സുജാതയെക്കുറിച്ച് നടി പാര്വതി ഇന്സ്റ്റഗ്രാമില് ഇട്ട പോസ്റ്റ് വൈറലാവുകയാണ്. കുറിപ്പിനൊപ്പം അവരുടെ ഒരു ചിത്രവും പാര്വതി പോസ്റ്റ് ചെയ്തു.
സ്വന്തം വീട്ടിലെ സുജാതയെക്കുറിച്ച് പാര്വതിയുടെ വാക്കുകള് ഇങ്ങനെ…
അഭിമാനത്തോടെ തന്നെ പറയട്ടെ ചാര്ളിയുടെ നിര്മ്മാതാക്കളും എന്റെ സുഹൃത്തുക്കളുമായ മാര്ട്ടിന് പ്രക്കാട്ടും ജോജുവും ചേര്ന്നൊരുക്കിയ ഉദാഹരണം സുജാത എന്ന ചിത്രം മികച്ച ടീമിന്റേതാണ്. മികച്ച സംവിധായകനും അഭിയപ്രതിഭകളുമുള്ള ഈ ചിത്രം എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നുണ്ട്. മക്കളെ വീട്ടു ജോലിക്കയയ്ക്കാന് എന്റെ ചേച്ചി ആഗ്രഹിക്കുന്നില്ല. അവരെ പഠിപ്പിച്ച് നല്ല നിലയിലെത്തിക്കണമെന്നാണ് ചേച്ചിയുടെ ആഗ്രഹം. താന് സഹിച്ചതുപോലെയുള്ള കഷ്ടപ്പാടുകള് മക്കള് ഒരിക്കലും സഹിക്കരുതെന്ന് അവര്ക്കാഗ്രഹമുണ്ട്. വളരെയധികം ശാരീരികാധ്വാനമുള്ള ജോലിയാണ് വീട്ടുജോലി.
സ്വപ്നം കണ്ട നിലയിലേക്കു മക്കളെ എത്തിക്കാനാണ് ചേച്ചി ഈ കഷ്ടപ്പാടുകളൊക്കെ സഹിക്കുന്നത്. ഒന്നിനും പരാതി പറയാതെ ദൈവത്തില് ഉറച്ചു വിശ്വസിച്ച് അവര് വളരെ ആത്മാര്ത്ഥതയോടെയാണ് ജോലിചെയ്യുന്നത്. മക്കള് സര്ക്കാര് ജോലിക്കാരാവണമെന്നതാണ് ചേച്ചിയുടെ ഏറ്റവും വലിയ മോഹം. അമ്മയുടെ കഷ്ടപ്പാടുകള് അറിഞ്ഞു വളരുന്ന മക്കള് അവരുടെ ആഗ്രഹം സാധിച്ചുകൊടുക്കുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ.
ജോലിയിലുള്ള ചേച്ചിയുടെ മികവു തന്നെയാണ്. എന്റെ ജോലിയും നന്നായി ചെയ്യാന് എന്നെ പ്രേരിപ്പിക്കുന്നത്. അവര് എന്റെ വീട് വൃത്തിയായും വെടിപ്പായും സൂക്ഷിക്കുന്നു. ഇടയ്ക്കൊക്കെ എനിക്കു ഭക്ഷണമുണ്ടാക്കിത്തരുന്നു. അതുകൊണ്ടൊക്കെയാണ് എന്റെ ജോലി കൃത്യമായി ചെയ്യാന് എനിക്കു സാധിക്കുന്നത്. എനിക്ക് ചേച്ചിയോട് ഒരുപാടു നന്ദിയുണ്ട്. അവരെപ്പോലെയുള്ള സ്ത്രീകളെയും അവരുടെ മനശ്ശക്തിയെയും ഞാന് ബഹുമാനിക്കുന്നു. നിങ്ങളുടെ വീട്ടിലെ സുജാതമാരെക്കുറിച്ചറിയാന് എനിക്കു താല്പര്യമുണ്ടെന്നും എന്റെ സുജാത ഉദാഹരണം സുജാത എന്ന ഹാഷ്ടാഗോടെ സ്വന്തം വീട്ടിലെ സുജാതമാരുടെ കഥ പങ്കുവെയ്ക്കാന് ആരാധകരോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട് പാര്വതി. ചേച്ചിയെക്കുറിച്ച് ഞാന് കുറിപ്പു പോസ്റ്റ് ചെയ്തതറിഞ്ഞ് അവര് മക്കള്ക്കൊപ്പം പോയി ഈ ചിത്രം കണ്ടുവെന്നും പറഞ്ഞുകൊണ്ടാണ് പാര്വതി കുറിപ്പ് അവസാനിപ്പിക്കുന്നത്.