ഒരു അക്രമത്തിനെതിരെ മറ്റൊരു അക്രമം കൊണ്ട് പ്രതിഷേധിക്കുക എന്നത് യുക്തിയ്ക്ക് നിരക്കുന്നതോ, ഒരുതരത്തിലും ന്യായീകരിക്കാവുന്നതോ അല്ല. കാഷ്മീരില്‍ പീഡനത്തിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കുന്നതിനുവേണ്ടി കേരളത്തില്‍ നടത്തിവരുന്ന പ്രതിഷേധങ്ങള്‍ അത്തരത്തിലുള്ളതാണ്. ജമ്മു കാഷ്മീരിലെ കാഠുവയില് എട്ടുവയസുകാരി പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സോഷ്യല്‍മീഡിയ ആഹ്വാനം ചെയ്തത് എന്ന പേരില്‍ അരങ്ങേറിയ ഹര്‍ത്താലിനിടെ നടന്ന അക്രമങ്ങളെ അപലപിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി പാര്‍വതി.
പ്രതിഷേധത്തിന്റെ പേരില്‍ പെരുവഴിയില്‍ തെമ്മാടിത്തരം കാണിക്കുകയാണെന്ന് പാര്‍വതി ട്വിറ്ററില്‍ കുറിച്ചു. കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് പോകുന്ന വഴി തടയുകയും ആളുകളെ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്യുകയാണെന്ന് പാര്‍വതി കുറ്റപ്പെടുത്തി.
ഇന്നലെ സോഷ്യല്‍ മീഡിയയിലെ ഒരു പറ്റം ചെറുപ്പക്കാരാണ് ഹര്‍ത്താല്‍ നടത്തണമെന്ന് ആഹ്വാനം ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം കോഴിക്കോട് കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വഴി തടയുകയും അക്രമം നടത്തുകയും ചെയ്യുകയാണ് ഒരു വിഭാഗം ചെറുപ്പക്കാര്‍. ദേശീയ പാതയിലടക്കം വാഹനങ്ങള്‍ തടയുന്ന സംഭവത്തില്‍ പോലീസ് ഇടപെട്ട് തുടങ്ങിയിട്ടുണ്ട്. മലപ്പുറം ഭാഗത്താണ് വഴിതടയല്‍ ഏറ്റവും രൂക്ഷമായി നിലനില്‍ക്കുന്നത്.
രാഷ്ട്രീയക്കാര്‍ക്കും സംഘടനകള്‍ക്കും ഹര്‍ത്താല്‍ നടത്താമെങ്കില്‍ ഞങ്ങള്‍ക്കും നടത്താമെന്ന വിചിത്രവാദം ഉന്നയിച്ചാണ് ജനകീയ ഹര്‍ത്താല്‍ എന്ന് പേരിട്ട് ഒരു വിഭാഗം ആളുകള്‍ ഹര്‍ത്താല്‍ നടത്തുന്നത്. ഇതിനെതിരെയാണ് രൂക്ഷമായ ഭാഷയില്‍ പാര്‍വതി പ്രതികരിച്ചിരിക്കുന്നത്.
Hooliganism in the name of protest! Roads blocked and people abused on roads from Calicut airport- Chemmad- Kodinji-Tanur. Please pass the message and stay safe! The police force has been intimated and they are making arrests I hear. Please share updates here
— Parvathy T K (@parvatweets) April 16, 2018