നെന്മാറ : അളുവശേരിയിൽ വയോധിക കൊല്ലപ്പെട്ട കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് സംഘം എത്തി. അളുവശേരി നിലംപതിയിൽ പരേതനായ ശിവരാമൻ ചെട്ടിയാരുടെ ഭാര്യ കൊല്ലപ്പെട്ട പാർവതി അമ്മാളിന്റെ വീടും പരിസരവും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഐസ്പി ജോണിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.
2018 നവംബർ രണ്ടിനാണു തനിച്ചു താമസിക്കുന്ന പാർവതി അമ്മാളിനെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. തനിച്ചു താമസിച്ചുവരുന്ന പാർവ്വതിയമ്മാൾക്ക് കഴുത്തിനേറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. മരിക്കുന്ന സമയത്ത് ഇവർ ധരിച്ചിരുന്ന മൂക്കുത്തിയും, കമ്മലും നഷ്ടപ്പെട്ടിരുന്നു.
ഇതേ തുടർന്ന് മോഷണത്തിനിടെ കൊലപാതകം നടന്നതാകുമെന്ന് നിഗമനത്തിലാണ് പോലീസ് അന്വേഷണം ഉൗർജ്ജിതമാക്കിയത്. പക്ഷേ രണ്ടര വർഷം കഴിഞ്ഞിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയോ, പ്രതികളെ പിടികൂടാനോ ലോക്കൽ പോലീസിനായില്ല.
15 സെന്റ് വീട്ടുവളപ്പിലെ ഓടിട്ട വീട്ടിൽ പാർവതിയമ്മാൾ ഒറ്റയ്ക്കായിരുന്നു താമസം. തേങ്ങയിടാൻ ഏൽപ്പിച്ചയാൾ രാവിലെ വന്നു വിളിച്ചപ്പോൾ വിളി കേൾക്കാതിരുന്നതിനെ തുടർന്ന് സമീപവാസികളുടെ നേതൃത്വത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വീട്ടിനകത്ത് കട്ടിലിൽ നിന്ന് വീണ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ആഭരണവും പണവും പണസഞ്ചിയും നഷ്ടപ്പെട്ടെന്ന് ബന്ധുക്കളെത്തി സ്ഥിരീകരിച്ചു .കഴുത്തിൽ ഒൻപത് സെന്റീമീറ്റർ ആഴത്തിലുണ്ടായ മുറിവാണ് മരണകാരണമെന്നാണ് പോലീസ് പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി 150 ലധികം പേരെ ചോദ്യം ചെയ്തിതിരുന്നു.
നാളെ അളുവശേരിയിൽ എത്തി പാർവതി അമ്മാളിന്റെ ബന്ധുക്കളോടും മറ്റും കൂടുതൽ വിവരങ്ങൾ അന്വേഷിക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു.