നെന്മാറ: അളുവശ്ശേരിയിൽ വയോധിക കൊല്ലപ്പെട്ട കേസിൽ നൂറിലധികം പേരെ ചോദ്യം ചെയ്തിട്ടും തുന്പില്ലാതെ പോലീസ്. 2018 നവംബർ രണ്ടിനായിരുന്നു അളുവശ്ശേരി നിലംപതിയിൽ പരേതനായ ശിവരാമൻ ചെട്ടിയാരുടെ ഭാര്യ പാർവ്വതി അമ്മാളിനെ(75) വീട്ടിനകത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടത്.
പോലീസ് സംശയമുള്ള ചിലരെ നുണപരിശോധനയ്ക്കും വിധേയമാക്കി. പരിശോധനയിൽ പുറത്തുവന്ന 2 പേരുടെ റിപ്പോർട്ട് വ്യക്തതയില്ലാതായതോടെ അന്വേഷണം വഴിമുട്ടി. ചോദ്യം ചെയ്യാൻ തുടങ്ങുന്പോൾ തന്നെ ഇവർ കൃത്യമായി പ്രതികരിച്ചില്ലത്രെ. ഇവരെ വീണ്ടും പരിശോധനയ്ക്കു ഹാജരാക്കാനാണു നീക്കം.
മുൻപ് നിശ്ചയിച്ച പ്രകാരം വരുംദിവസം ഒരാളെ കൂടി പരിശോധനയ്ക്കു വിധേയമാക്കും. തനിച്ചു താമസിച്ചുവന്ന പാർവ്വതിയമ്മാൾക്കു കഴുത്തിനേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. മരണ സമയത്ത് ഇവർ ധരിച്ചിരുന്ന മൂക്കുത്തിയും കമ്മലും മോഷണം പോയതായി കാണപ്പെട്ടു. മോഷണ ശേഷം കൊലപാതകമെന്നായിരുന്നു നിഗമനം.
കൊല്ലപ്പെട്ട ദിവസം തേങ്ങയിടാൻ ഏൽപ്പിച്ചയാൾ വീട്ടിലെത്തിയപ്പോൾ സംശയം തോന്നിയതോടെ സമീപവാസികളെയും തുടർന്നു പോലീസിനെയും അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ കട്ടിലിനു താഴെയാണു മൃതദേഹം കണ്ടത്. അന്വേഷണം കാര്യക്ഷമമാക്കണമെന്നാണ് ബന്ധുക്കളുടേയും നാട്ടുകാരുടേയും ആവശ്യം.