നെന്മാറ: അളുവാശേരിയിൽ വയോധിക കൊല്ലപ്പെട്ടു രണ്ടുമാസം കഴിഞ്ഞിട്ടും ഇനിയും പ്രതികളെ പിടികൂടാൻ പോലീസിനായില്ല. അളുവാശേരി നിലംപതി പരേതനായ ശിവരാമൻ ചെട്ടിയാരുടെ ഭാര്യ പാർവതി അമ്മാളെയാണ് (75) വീടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ നവംബർ രണ്ടിനായിരുന്നു സംഭവം.
തനിച്ചു താമസിച്ചിരുന്ന പാർവതിയമ്മാളുടെ കഴുത്തിനേറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മരിക്കുന്ന സമയത്ത് ഇവർ ധരിച്ചിരുന്ന മൂക്കുത്തിയും കമ്മലും നഷ്ടപ്പെട്ടിരുന്നു.ഇതേ തുടർന്ന് മോഷണത്തിനിടെ കൊലപാതകം നടന്നതാകാമെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം ഉൗർജിതമാക്കിയത്.
പക്ഷേ രണ്ടുമാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയോ പ്രതികളെ പിടികൂടാനോ പോലീസിനായില്ല. തേങ്ങയിടാൻ ഏല്പിച്ചയാൾ വന്നു വിളിച്ചപ്പോൾ വിളി കേൾക്കാതിരുന്നതിനെ തുടർന്ന് സമീപവാസികളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വീട്ടിനകത്ത് കട്ടിലിൽനിന്നു വീണനിലയിൽ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽനിന്ന് യാതൊരു സാധനങ്ങളും നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. മൃതദേഹം കിടന്നിരുന്ന മുറിയുടെ തൊട്ടടുത്ത മുറിയിൽ നിന്ന് രക്തക്കറയുള്ള കത്തിയും പോലീസ് കണ്ടെത്തി. കഴുത്തിൽ ഒന്പത് സെന്റീമീറ്റർ ആഴത്തിലുണ്ടായ മുറിവാണ് മരണകാരണമെന്നാണ് പോലീസ് പറയുന്നത്.
അന്വേഷണത്തിനിടെ തൃശൂരിലെ ഫോറൻസിക് ഡോക്ടർ മൃതദേഹം കിടന്ന ഭാഗത്തു പരിശോധന നടത്തിയിരുന്നു.
എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി നിരവധിപേരെ ചോദ്യം ചെയ്തുവെങ്കിലും കുറ്റകൃത്യം നടത്തിയയാളെ ഇതുവരെയും പിടികൂടാനായില്ല.
എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി 120-ലധികം പേരെ ചോദ്യം ചെയ്തുവെന്നും പോളിഗ്രാഫ് പരിശോധന നടത്തുവാൻ തൃശൂർ റീജണൽ ലാബിൽ അപേക്ഷ സമർപ്പിച്ചിരിക്കുകയായാണെന്നും നെന്മാറ സിഐ ടി.എൻ.ഉണ്ണികൃഷ്ണൻ പറഞ്ഞു. അപേക്ഷ മുൻഗണനാടിസ്ഥാനത്തിലാണ് പരിശോധിക്കുകയെന്നതിനാലാണ് വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.