സര്‍ക്കസ് കൂടാരത്തില്‍ കയറി പറ്റിയ കുരങ്ങിന്റെ കഥ പറയുന്ന സംവിധായകന് ജൂഡ് ആന്റണി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റും അതിന് മറുപടിയെന്നവണ്ണം നടി പാര്‍വതി നല്കിയ പോസ്റ്റും വീണ്ടും ആ മറുപടിയോട് ജൂഡിന്റെ പ്രതികരണവുമൊക്കെയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വിവാദമായിരിക്കുന്നത്. ജൂഡിന്റെ ആദ്യ പോസ്റ്റ് സമീപ കാലത്ത് നടന്ന വിവാദത്തിനെ തുടര്‍ന്നുള്ള വിമര്‍ശനമാണെന്നാണ് പോസ്റ്റില്‍ കമന്റ് ചെയ്യുന്നവര്‍ പറയുന്നത്.
മമ്മൂട്ടി അഭിനയിച്ച കസബയെ വിമര്‍ശിച്ചതിനെതിരെ നടി പാര്‍വ്വതിയെയും വിമന്‍ കളക്ടീവ് ഇന്‍ സിനിമാസിനെയും പരിഹസിച്ചു കൊണ്ടുള്ള പോസ്റ്റാണോ ഇതെന്ന് പലരും കമന്റില്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ അത്തരം ചോദ്യങ്ങള്‍ക്ക് ജൂഡ് മറുപടി നല്‍കിയിട്ടില്ല. ഒരു കുരങ്ങു സര്‍ക്കസ് കൂടാരത്തില്‍ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവില്‍ അഭ്യാസിയായി നാട് മുഴുവന്‍ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോള്‍ മുഴുവന്‍ സര്‍ക്കസ്കാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാര്‍ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടില്‍ പോകാമായിരുന്നു. അങ്ങനെ പോയാല്‍ ആരറിയാന്‍ അല്ലെ.? എന്നായിരുന്നു ജൂഡിന്റെ പോസ്റ്റ്.
പിന്നീടാണ് തനിക്കെതിരെ വിമര്‍ശനമുന്നയിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി പാര്‍വ്വതി എത്തിയത്. ഒ.എം.കെ.വി (ഓട് മലരെ കണ്ടം വഴി) എന്ന് തുന്നിയ തൂവാലയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് പാര്‍വ്വതി മറുപടി നല്‍കിയത്. ഫെമിനിച്ചി സ്പീക്കിംഗ് എന്ന ഹാഷ് ടാഗോടുകൂടിയാണ് പാര്‍വ്വതി ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. എല്ലാ സര്‍ക്കസ് മുതലാളിമാര്‍ക്കും വേണ്ടി എന്നും ചിത്രത്തിന്റെ കൂടെ ട്വീറ്റ് ചെയ്തിട്ടുണ്ട്. പാര്‍വ്വതിയുടെ ട്വീറ്റ് സംവിധായകന് ജൂഡ് ആന്റണിക്കുള്ള മറുപടിയായിട്ടാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്.
പാര്‍വ്വതിയുടെ ട്വീറ്റ് വൈറലായതോടെ കൂട്ടുകാരിയ്ക്ക് അഭിനന്ദനവുമായി നടി റിമ കല്ലിങ്കലും രംഗത്തെത്തി. പാര്‍വതിയുടെ പോസ്റ്റിന് താഴെ നന്നായിരിക്കുന്നു എന്ന് കമന്റ് ചെയ്തുകൊണ്ടായിരുന്നു കൂട്ടുകാരിയ്ക്ക് റിമയുടെ വക പിന്തുണ. ഇവിടെ കൊണ്ടും തീര്‍ന്നില്ല, സൈബര്‍ യുദ്ധം. പാര്‍വതിയുടെ പോസ്റ്റിന് ഉടനെത്തി ജൂഡിന്റെ മറുപടി. ഒരു പെണ്‍കുട്ടി ‘കണ്ടം വഴി’ ഓടുന്നതിന്റെ ചിത്രം പോസ്റ്റുചെയ്തുകൊണ്ടായിരുന്നു ജൂഡിന്റെ മറുപടി. ഇനിയെന്തൊക്കെ കാണണോ എന്തോ എന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്.
To all the circus muthalimaar!!! #feminichispeaking pic.twitter.com/sTVtz6rldE
— Parvathy T K (@parvatweets) December 18, 2017