പൊതുജനത്തിന്റെയും സഹതാരങ്ങളുടെയും പോലും വിമര്‍ശനങ്ങള്‍ ധാരാളം ഏറ്റുവാങ്ങിയ നടിയാണ് പാര്‍വതി തിരുവോത്ത്. ഉയരെ എന്ന ചിത്രത്തിലെ അസാധ്യ പ്രകടനത്തിലൂടെ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് താരമിപ്പോള്‍. ചിത്രത്തിലെ പ്രകടനത്തിന് ധാരാളം ആളുകള്‍ പാര്‍വതിയെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ പാര്‍വതിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക വിധു വിന്‍സന്റ്.
നടി പാര്‍വ്വതിക്ക് ഏല്‍ക്കേണ്ടി വന്ന അത്രയും കല്ലേറുകളേറ്റ മറ്റൊരാള്‍ മലയാള സിനിമയില്‍ അടുത്ത കാലത്ത് ഉണ്ടായിട്ടില്ല. പാര്‍വതിയെ എറിഞ്ഞു തകര്‍ക്കാം എന്നാരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റിപ്പോയി എന്ന് അവരെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്തുന്നതായിരുന്നു ഉയരെയില്‍ പാര്‍വതിയുടെ പ്രകടനമെന്നും വിധു വിന്‍സന്റ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ചങ്കൂറ്റവും പ്രതിഭയും ഉള്ള ഒരു നടി മലയാളത്തില്‍ ഉണ്ടായിരിക്കുന്നു എന്നതില്‍ നമുക്കെല്ലാം അഭിമാനിക്കാമെന്നും, എല്ലാ അര്‍ത്ഥത്തിലും പെണ്‍കരുത്തിന്റെ വിജയഗാഥ തന്നെയാണ് ഉയരെയെന്നും വിധു വിന്‍സന്റ് പറയുന്നു. അതോടൊപ്പം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും വിധു കുറിപ്പിലൂടെ എല്ലാവിധ ആശംസകളും നേരുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘നടി പാര്‍വ്വതിക്ക് ഏല്‍ക്കേണ്ടി വന്ന അത്രയും കല്ലേറുകളേറ്റ മറ്റൊരാള്‍ മലയാള സിനിമയില്‍ അടുത്ത കാലത്ത് ഉണ്ടായിട്ടില്ല. പാര്‍വ്വതിയെ എറിഞ്ഞു തകര്‍ക്കാം എന്നാരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റിപ്പോയി എന്ന് അവരെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്തുന്നതായിരുന്നു ഉയരെയില്‍ പാര്‍വതിയുടെ പ്രകടനം. ടൊവിനോയും ആസിഫലിയും സിദ്ദിഖും തങ്ങളുടെ വേഷങ്ങള്‍ ഗംഭീരമാക്കിയപ്പോഴും ഉയരെയെ ഉയരങ്ങളില്‍ എത്തിച്ചത് പാര്‍വ്വതിയാണ്. ചങ്കൂറ്റവും പ്രതിഭയും ഉള്ള ഒരു നടി മലയാളത്തില്‍ ഉണ്ടായിരിക്കുന്നു എന്നതില്‍ നമുക്കെല്ലാം അഭിമാനിക്കാം.
എല്ലാ അര്‍ത്ഥത്തിലും പെണ്‍കരുത്തിന്റെ വിജയഗാഥ തന്നെയാണ് ഉയരെ. പല്ലവി രവീന്ദ്രന് ഉയിര് നല്കിയ പാര്‍വ്വതിക്ക് പുറമെ സിനിമയുടെ ഉയിരും ഉടലുമായി നിന്ന ഷെനുഗ, ഷെര്‍ഗ, ഷെഗ് ന സഹോദരിമാര്‍ക്കും അഭിവാദ്യങ്ങള്‍. എല്ലാ പ്രതിസന്ധികളിലും രക്ഷപ്പെടുത്താന്‍ ആണുങ്ങളെത്തുന്ന പതിവ് കാഴ്ചകള്‍ക്കപ്പുറത്ത് തിരക്കഥ നെയ്തെടുത്ത ബോബി-സഞ് ജയ്, വാര്‍പ്പു ശീലങ്ങളില്‍ വഴുതിപ്പോകാതെ സൂക്ഷ്മതയോടെയും ജാഗ്രതയോടെയും കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളെയും ഒരുക്കിയെടുത്ത സംവിധാനമികവിന് മനുവിനോടും ഉള്ള സ്നേഹവും ആദരവും രേഖപ്പെടുത്തുന്നു. കാരണം മലയാള സിനിമയുടെ അകങ്ങളിലേക്ക് കാറ്റും വെളിച്ചവും കടത്തിവിടാനുള്ള ശ്രമങ്ങളില്‍ നിങ്ങളും ഒപ്പമുണ്ട് എന്നറിയുന്നതില്‍ ഒരു പാട് സന്തോഷം.
ഉയരെ ടീമിന് ആശംസകള്‍’