സിനിമാ മേഖലയിലെ, പ്രത്യേകിച്ച് മലയാള സിനിമയിലെ സമത്വത്തെക്കുറിച്ചും സിനിമയിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചും ശബ്ദമുയര്‍ത്തി വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്ന നടിയാണ് പാര്‍വതി. സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി സംസാരിക്കുകയും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്ന് പറയുന്ന മീടു കാമ്പയിനെ പിന്തുണയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നടി പാര്‍വതി ഇപ്പോള്‍ തന്റെ വ്യക്തിപരമായ അനുഭവവും തുറന്നു പറഞ്ഞിരിക്കുകയാണ്.
കുട്ടിയായിരിക്കുമ്പോള്‍ താന്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് തിരിച്ചറിയാന്‍ വര്‍ഷങ്ങള്‍ എടുത്തുവെന്നും, താന്‍ ആക്രമണത്തെ അതിജീവിച്ച ഒരാളാണെന്ന് സ്വയം ബോധ്യപ്പെടുത്തുക എന്നത് ഇന്നും ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെന്നും നടി പാര്‍വ്വതി. മുംബൈ ചലച്ചിത്രമേളയില്‍ പങ്കെടുത്തു സംസാരിക്കവെയായിരുന്നു പാര്‍വതിയുടെ ഈ വെളിപ്പെടുത്തല്‍.
വളരെ ചെറിയ കുട്ടിയായിരിക്കുമ്പോഴാണ് എനിക്കത് സംഭവിച്ചത്. 17 വര്‍ഷമെടുത്തു അതൊരു ആക്രമണമായിരുന്നുവെന്ന് തിരിച്ചറിയാന്‍. എനിക്കന്ന് മൂന്നോ നാലോ വയസേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ചോദിച്ചു വാങ്ങിയതല്ല അത്. പക്ഷെ ഞാന്‍ ആക്രമിക്കപ്പെട്ടു. പിന്നീട് അതേക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ വീണ്ടുമൊരു 12 വര്‍ഷം കൂടി സമയമെടുത്തു, പാര്‍വതി പറഞ്ഞു.
തനിക്കു സംഭവിച്ച ഒരു കാര്യത്തെക്കുറിച്ചാണ് വേദിയിലിരുന്ന് സംസാരിക്കുന്നതെന്നും ഒരു ജെന്‍ഡറോ മറ്റെന്തെങ്കിലുമോ ടാഗ് തരുന്നതിന് മുമ്പ് താന്‍ ഒരു വ്യക്തിയായാണ് സംസാരിക്കുന്നതെന്നും പാര്‍വതി വ്യക്തമാക്കി. എന്റെ സുഹൃത്തുക്കളോട് അതേക്കുറിച്ച് സംസാരിക്കുക, എന്റെ രക്ഷിതാക്കളോട് പറഞ്ഞു മനസിലാക്കിക്കുക എന്നതെല്ലാം ദിവസവും വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്.
വളരെ ആത്മവിശ്വാസമുള്ളൊരു പെണ്‍കുട്ടിയായാണ് തന്നെ വളര്‍ത്തിക്കൊണ്ടുവന്നതെന്നും എന്നിട്ടും ഇത് സംഭവിച്ചത് താനത് അര്‍ഹിച്ചിരുന്നോ എന്ന കാര്യം വല്ലാതെ അത്ഭുതപ്പെടുത്താറുണ്ടെന്നും പാര്‍വ്വതി പറഞ്ഞു. അതിജീവനം എന്നത് ശാരീരികമായി മാത്രമുള്ള ഒന്നല്ല. അത് മാനസികമായ ഒന്നുകൂടിയാണ്, പാര്‍വതി പറഞ്ഞു.
ഇത്തവണത്തെ ചലച്ചിത്രമേളയുടെ ജൂറി അംഗങ്ങളില്‍ ഒരാള്‍ കൂടിയാണ് പാര്‍വതി. പാര്‍വതിയെ കൂടാതെ റിമ കല്ലിങ്കല്‍, അഞ്ജലി മേനോന് എന്നിവരും പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചിരുന്നു.