സ്ത്രീ വിരുദ്ധത നിറഞ്ഞു നില്‍ക്കുന്ന ഇടമാണ് മലയാള സിനിമ എന്ന വെളിപ്പെടുത്തല്‍ നടത്തിയതിനാണ് നടി പാര്‍വതി ട്രോളുകളും പരിഹാസങ്ങളും എന്തിനേറെ ഭീഷണി പോലും നേരിടേണ്ടി വന്നത്. എന്നാല്‍ ഇത്തരം പ്രതികരണങ്ങളെ അവ അര്‍ഹിക്കുന്ന അവജ്ഞയോടെ തന്നെ തള്ളിക്കളയാനും പാര്‍വതിക്ക് സാധിച്ചിട്ടുണ്ട്.
ഫേസ്ബുക്കില്‍ തെറി പറയാന്‍ എത്തിയവരോട് OMKV പറഞ്ഞ പാര്‍വതിയുടെ നിലപാടും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് തനിക്ക് അത്തരത്തില്‍ പ്രതികരിക്കേണ്ടി വരുന്നതെന്ന് വ്യക്തമാക്കുകയാണ് താരം. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് പാര്‍വതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ആരെയെങ്കിലും ഒരാളെ മുദ്രകുത്തി അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല അത് എന്ന് അന്ന് തന്നെ പറഞ്ഞതാണ്. ഇപ്പോഴും അത് തന്നെ പറയുന്നു. പാര്‍വതി പറയുന്നു. ”പറഞ്ഞകാര്യം മനസിലാക്കാതെ ആക്രമിക്കാന്‍ വരുന്നവരോട് സംസാരിക്കാന്‍ പറ്റില്ല. അതൊരു ആള്‍ക്കൂട്ടമാണ്. അവരുടെ മനശാസ്ത്രം വേറെയാണ്. അവരോട് എങ്ങനെ സംസാരിക്കും?
സംസാരിക്കാന്‍ പറ്റിയാല്‍ അവര്‍ പറയുന്നത് എനിക്കും ഞാന്‍ പറയുന്നത് അവര്‍ക്കും കേള്‍ക്കാം. ഒരുപക്ഷേ ബഹുമാനത്തോടെ വിയോജിക്കാം, അല്ലെങ്കില്‍ സമ്മതിക്കാം. പക്ഷേ അവര്‍ സംസാരിക്കാനേ തയ്യാറല്ലെങ്കിലോ? അങ്ങനെയുള്ളവരില്‍ ഫോക്കസ് ചെയ്യാന്‍ ഞാനില്ല. അവരെ ബഹുമാനത്തോടെ അവഗണിക്കാനേ പറ്റൂ”. പാര്‍വതി പറയുന്നു.
താനങ്ങനെ സമൂഹത്തിന്റെ വിപരീത ദിശയില്‍ പോകുന്ന ആളൊന്നുമല്ല. പക്ഷേ പണ്ടേ ഉള്ളതാണ് എന്നതുകൊണ്ടു മാത്രം ആളുകള്‍ തുടരുന്ന ചില കാര്യങ്ങളില്ലേ? അതില്‍ മാറ്റം വേണമെന്ന് തോന്നിയാല്‍ പറയാറുണ്ട്. ഭൂരിപക്ഷത്തിനും അറിയാം അത് ശരിയല്ലെന്ന്. എന്നിട്ടും സഹിക്കുന്നു. എന്തിന് ഒരു മാറ്റം വേണ്ട? എപ്പോഴും ഇങ്ങനെ സാ എന്നു പോയാല്‍ മതിയോ?
ഒരു താളവ്യത്യാസമൊക്കെ വേണം. അങ്ങനെ തോന്നുമ്പോ പറയും. ഞാന്‍ മാത്രമല്ല പലരും പറയും. പിന്നെ, ഞാന്‍ പറയുന്നത് മാത്രമാണ് ശരി എന്ന് ഒരിക്കലും തോന്നിയിട്ടില്ല. എനിക്കെന്തുകൊണ്ട് ഒരുകാര്യം ഇഷ്ടമായില്ല എന്ന് ഞാന്‍ പറയുന്നു. മറ്റേയാള്‍ക്ക് എന്തുകൊണ്ട് ഇഷ്ടമായി എന്ന് അയാള്‍ക്കും പറയാമല്ലോ? പാര്‍വതി ചോദിക്കുന്നു.
സ്ത്രീ വിരുദ്ധതയൊക്കെ പക്ഷേ ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്ക് തീരുമെന്ന് വിചാരിക്കരുത്. എന്നാലും അതിന്റെ രൂപം മാറും. വര്‍ഷങ്ങളായിട്ട് നമ്മള്‍ നോര്‍മല്‍ എന്നു കരുതുന്ന ചില കാര്യങ്ങളില്ലേ?
അതിനെ ചോദ്യം ചെയ്യുമ്പോള്‍ ആദ്യം വരുന്ന പ്രതികരണമെന്താ?എന്തിനാ ഇപ്പോ ഇതിനെ പറ്റി സംസാരിക്കുന്നത് എന്നല്ലേ? പക്ഷേ ചോദ്യങ്ങള്‍ കൂടി കൂടി വരുമ്പോഴോ? സംഭവം മാറും. ശരിയാണല്ലോ അതിനെ പറ്റി ഒന്നു ചിന്തിച്ചുകളയാം എന്ന് സമൂഹത്തിനും തോന്നും. ആ തോന്നല്‍ മലയാള സിനിമയ്ക്കും വരുന്നുണ്ട്. വളരെ പോസിറ്റീവാണത്.- പാര്‍വതി പറയുന്നു.