ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേളയില്‍ നടി പാര്‍വതി കൊളുത്തിവിട്ട സ്ത്രീവിരുദ്ധ സിനിമാ വിവാദം ആളിക്കത്തുകയാണ്. ചേരി തിരിഞ്ഞ് സിനിമാക്കാര് തന്നെ തമ്മില്‍ ചെളിവാരിയെറിയുന്നത് തുടരുകയാണ്. കസബയെയും മമ്മൂട്ടിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെയും ചൂണ്ടിക്കാട്ടിയ പാര്‍വ്വതിയെ എതിര്‍ത്ത് സിനിമക്കാര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. ഏറ്റവും ഒടുവില്‍ ഈ വിഷയത്തില്‍ തലവെച്ച് പുലിവാല് പിടിച്ചത് സംവിധായകന് ജൂഡ് ആന്റണിയാണ്.
പാര്‍വതിയെ സര്‍ക്കസിലെ കുരങ്ങിനോട് ഉപമിച്ച ജൂഡ് ആന്റണി അതിരൂക്ഷമായാണ് നടിയെ പരിഹസിച്ചത്്. ജൂഡിന്റെ പരാമര്‍ശത്തില്‍ ചേരിതിരിഞ്ഞുള്ള വാഗ്വാദങ്ങള്‍ നടക്കുമ്പോഴാണ് ജൂഡിന് ചുട്ടമറുപടിയുമായി പാര്‍വ്വതി തന്നെ രംഗത്ത് എത്തിയത്. വിരല്‍ ചൂണ്ടി, OMKV (ഓട് മലരെ കണ്ടംവഴി) എന്ന ട്രോള്‍ വാക്കുകള്‍ തുന്നിച്ചേര്‍ത്ത ഒരു തുവാലയുടെ ചിത്രമാണ് പാര്‍വതി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എല്ലാ സര്‍ക്കസ് മുതലാളിമാര്‍ക്കും എന്ന കുറിപ്പോടെയും ഫെമിനിച്ചി സ്പീക്കിങ് എന്ന ടാഗോടുകൂടിയാണ് പാര്‍വതി ഈ ട്വീറ്റ് പോസ്റ്റ് ചെയ്തത്.
എന്നാല്‍ ഇപ്പോള്‍ ഇതിന് മറുപടിയായി കണ്ടം വഴി ഓടുന്ന പെണ്ണിന്റെ ചിത്രവുമായാണ് ജൂഡ് ആന്റണി രംഗത്ത് എത്തിയിരിക്കുന്നത്. പാര്‍വതിയെ നേരിട്ട് പരാമര്‍ശിക്കുന്നില്ലെങ്കിലും ലക്ഷ്യം പാര്‍വതി ഉയര്‍ത്തിയ വിഷയം തന്നെയെന്ന് വ്യക്തം. വലിയ ചര്‍ച്ചയാണ് ജൂഡിന്റെ പോസ്റ്റിന് താഴെ നടക്കുന്നത്. പലര്‍ക്കും ജൂഡ് തന്നെ മറുപടിയും കൊടുക്കുന്നുണ്ട്.