മൈ സ്റ്റോറി എന്ന തന്റെ സിനിമയുടെ പരാജയത്തിനും അതിനെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കും കാരണം നടി പാര്‍വതിയാണെന്ന് വിമര്‍ശനമുന്നയിച്ച, ചിത്രത്തിന്റെ സംവിധായിക റോഷ്നി ദിനകറിനെതിരെ നടിയും സോഷ്യല്‍ ആക്ടിവിസ്റ്റുമായ മാലാ പാര്‍വതി രംഗത്ത്.
നടി പാര്‍വതിയോടുള്ള വ്യക്തി വിരോധമാണ് തന്റെ സിനിമയെ ബാധിച്ചിരിക്കുന്നതെന്നും എന്നിട്ടുപോലും സിനിമയെ പ്രമോട്ട്ചെയ്യാന് പാര്‍വതി ശ്രമിക്കുന്നില്ലെന്നുമായിരുന്നു റോഷ്നി ദിനകറിന്റെ ആരോപണം.
ഡബ്ലുസിസിയിലെ അംഗം കൂടിയായ മാലാ പാര്‍വതിയോട് ഇതേക്കുറിച്ച് പരാതി പറഞ്ഞപ്പോള്‍ അത് തങ്ങളുടെ വിഷയമല്ലെന്നാണ് പ്രതികരിച്ചതെന്നും റോഷ്നി പരാതിപ്പെട്ടിരുന്നു. പാര്‍വതിയ്ക്കും തനിക്കുമെതിരെ വിമര്‍ശനമുന്നയിച്ച റോഷ്നിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ മാലാ പാര്‍വതി.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടി മാലാ പാര്‍വതി സംവിധായിക റോഷ്നി ദിനകറിനെതിരെ രംഗത്തെത്തിയത്. ‘മൈ സ്റ്റോറി’യുടെ പരാജയം സംവിധായിക പാര്‍വതിയുടെ തലയില്‍ വെച്ച് കെട്ടുന്നുവെന്നാണ് മാലാ പാര്‍വതി ആരോപിക്കുന്നത്.
അഞ്ജലി മേനോന്റെ ചിത്രമാണ് ‘കൂടെ’ എന്നും അത് വിജയിക്കാന്‍ അവര്‍ക്ക് തന്റെ സഹായം ആവശ്യമില്ലെന്നും മാലാ പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു. ഇന്നലെ പുറത്തുവിട്ട ‘കൂടെ’യിലെ ഒരു ഗാനത്തിനെതിരെ മമ്മൂട്ടി ആരാധകരുടെ സൈബര്‍ ആക്രമണം രൂക്ഷമായപ്പോള്‍ താരത്തിന്റെ ശ്രദ്ധ ക്ഷണിച്ച് മാലാ പാര്‍വതി ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.
മമ്മൂട്ടി ചിത്രത്തിന്റെ പ്രൊമോഷനു വേണ്ടിയുള്ള ഗ്രൂപ്പില്‍ പാര്‍വതിയുടെ ഗാനത്തിന് നേര്‍ക്ക് ഡിസ്ലൈക്ക് ക്യാംപെയിനിന് ആഹ്വാനമിട്ടുകൊണ്ടുള്ള മെസ്സേജിന്റെ സ്ക്രീന്‍ ഷോട്ട് സഹിതമായിരുന്നു കുറിപ്പ്.
എന്നാല്‍ ഇതേ അവസ്ഥ ‘മൈ സ്റ്റോറി’യുടെ ഗാനത്തിനു നേരേയും ഉണ്ടായിരുന്നെന്നും അക്കാര്യം പരാമര്‍ശിക്കുക പോലും ചെയ്തില്ലല്ലോ എന്നും ചിലര്‍ കമന്റുകളിലൂടെ ചൂണ്ടിക്കാട്ടി. ഇത് മാലാ പാര്‍വതി അഭിനയിച്ച ചിത്രമായതു കൊണ്ടല്ലേ ഡീഗ്രേഡിങ്ങിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയതെന്നും അടക്കം പലരും വിമര്‍ശിച്ചതിന് പിന്നാലെയാണ് മാലാ പാര്‍വതിയുടെ ഈ പ്രതികരണം.
മാലാ പാര്‍വതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:-
‘കൂടെ’ എന്ന ചിത്രം അഞ്ജലി മേനോന്റെ ആണ്. അവരുടെ സിനിമ വിജയിക്കാന്‍ എന്റെ സഹായം ആവശ്യമില്ല. മൈ സ്റ്റോറിയുടെ സംവിധായിക ആ ചിത്രത്തിന്റെ പരാജയം പാര്‍വ്വതിയുടെ തലയില്‍ വെച്ച് കെട്ടുന്നു. അവര്‍ക്കെതിരെ നടക്കുന്ന hate campaign കാരണമായി ചൂണ്ടി കാട്ടുന്നു.
അതിന്റെ തുടര്‍ച്ച പോലെ ഇത് വരുന്നത് ആ വാദത്തിന്റെ ശക്തി കൂട്ടും. ആ സിനിമ ഇത്രയെങ്കിലും ഓടിയത് പാര്‍വ്വതി കാരണമാണ്. അമ്മ എന്ന സംഘടന ഈ വിഷയം ചര്‍ച്ച ചെയ്തില്ല. ചെയ്ത വിഷയത്തിലെ അഭിപ്രായം ഞാന്‍ ഇന്നലെയും കുടി റിപ്പോര്‍ട്ടറില്‍ പറത്തു. പുച്ഛത്തിന് നന്ദി. അത് കൊണ്ടാണ് ഇത്രയും എഴുതാന്‍ പറ്റിയത്.