ആ ഫോട്ടോ കണ്ട് രണ്ടു കുട്ടികളുടെ അമ്മ കൂടിയായ എനിക്ക് ഒരു മാതൃത്വവും അനുഭവപ്പെട്ടില്ല! വിവാദ കവര്‍ചിത്രത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ജഗതിയുടെ മകള്‍ പാര്‍വതി ഷോണ്‍

പ്രമുഖ മാസികയുടെ കവര്‍ ഫോട്ടോയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജഗതി ശ്രീകുമാറിന്റെ മകളും പിസി ജോര്‍ജ് എംഎല്‍എയുടെ മരുമകളുമായ പാര്‍വതി ഷോണ്‍ രംഗത്ത്. പരസ്യമായി മുലയൂട്ടാനായി ആഹ്വാനം ചെയ്യുന്ന കവര്‍ചിത്രത്തിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ വരുന്നതിനിടെയാണ് പ്രസ്തുത വിഷയത്തില്‍ പാര്‍വതിയുടെ അഭിപ്രായവും ശ്രദ്ധേയമാവുന്നത്.

സെക്സ് ആരോഗ്യത്തിന് നല്ലതാണെന്ന് പറഞ്ഞാല്‍ നമ്മളെല്ലാവരും പരസ്യമായി അത് ചെയ്യുമോ എന്നായിരുന്നു പാര്‍വതിയുടെ പ്രധാന ചോദ്യം. രണ്ട് കുട്ടികളുടെ അമ്മ കൂടിയായ താന്‍ ചിന്തിച്ചപ്പോള്‍ ആ ചിത്രം ഇത്തിരി ഓവറായിപ്പോയതായും പാര്‍വതി പറഞ്ഞു.

കേരളത്തിലെ ഏതൊരിടത്തും മുലയൂട്ടുന്നതിനുള്ള സ്വാതന്ത്ര്യം ഒരു സ്ത്രീക്കുണ്ട്. അതിനെ ആരും നിഷേധിക്കുന്നില്ല. എന്നാല്‍ മാസികയുടെ കവറില്‍ കാണുന്ന പോലെ പരസ്യമായി ബ്ലൗസ് അഴിച്ച് മുലയൂട്ടുന്ന ചിത്രം കണ്ട് രണ്ടു കുട്ടികളുടെ അമ്മയായ തനിക്ക് മാതൃത്വം ഫീല്‍ ചെയ്യുന്നില്ലെന്നും പാര്‍വതി പറഞ്ഞു. ഇപ്പോള്‍ ഉണ്ടായത് മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമാണെന്നും അവര്‍ വ്യക്തമാക്കി.

കുഞ്ഞിനു മുലയൂട്ടുമ്പോള്‍ മറച്ചുവെക്കാന്‍ പഴയതലമുറ പറയുന്നതിന് കാരണം കുഞ്ഞിന് കൊതികിട്ടാതിരിക്കാനാണെന്നും പാര്‍വതി പറയുന്നു. ഇതൊക്കെ പറയുമ്പോഴും ഫെമിനിസ്റ്റ് ചിന്താഗതിക്കാരിയല്ല താനെന്നും, മാതൃത്വം ബിസിനസിനായി അടിയറവുവെക്കരുതെന്നും പാര്‍വതി പറഞ്ഞു.

Related posts