കസബ വിവാദം സംബന്ധിച്ച വിവാദത്തില്‍ മമ്മൂട്ടിയുടെ മറുപടിയില്‍ പൂര്‍ണ്ണ തൃപ്തിയില്ല! മാപ്പ് പറയുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും എനിക്ക് സാധിക്കില്ല; നടി പാര്‍വതി നയം വ്യക്തമാക്കുന്നു

മമ്മൂട്ടി സിനിമ കസബയിലെ സ്ത്രീവിരുദ്ധ കഥാപാത്രത്തെ കുറിച്ചുള്ള വിവാദത്തിനും സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങള്‍ക്കും പിന്നാലെ നിലപാട് മാറ്റാതെ നടി പാര്‍വതി. കസബയിലെ സ്ത്രീവിരുദ്ധ കഥാപാത്രം സംബന്ധിച്ച മമ്മൂട്ടിയുടെ മറുപടിയില്‍ പൂര്‍ണ തൃപ്തിയില്ലെന്നും പാര്‍വതി പറഞ്ഞു. എന്നാല്‍, വിവാദത്തെ കുറിച്ച് പ്രതികരിക്കാന്‍ മമ്മൂട്ടി തയാറായതില്‍ സന്തോഷമുണ്ടെന്നും പാര്‍വതി വ്യക്തമാക്കി.

മമ്മൂട്ടിക്ക് സന്ദേശം അയച്ചപ്പോള്‍ ഇത്തരം കാര്യങ്ങളൊക്കെ തനിക്ക് ശീലമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍, പിന്നീടത് തന്നെയോ അദ്ദേഹത്തെയോ മാത്രം ബാധിക്കുന്ന കാര്യമായല്ല, എല്ലാവരെയും കുറിച്ചുള്ള ഒന്നായി മാറിയെന്നും ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി വിശദീകരിച്ചു.

വിവാദത്തിന് ശേഷം പ്രതികരണങ്ങളില്‍ മിതത്വം പാലിക്കാന്‍ നിരവധി പേര്‍ ഉപദേശിക്കുകയും തനിക്കെതിരെ സിനിമയില്‍ ലോബി ഉണ്ടാവുമെന്നും പറയുകയും ചെയ്തു. എന്നാല്‍, സിനിമയില്‍ അവസരങ്ങള്‍ നഷ്ടമാകുമെന്ന് പേടിച്ച് മിണ്ടാതിരിക്കാനാവില്ല. 12 വര്‍ഷമായി സിനിമയാണ് എന്റെ ലോകം. സ്വന്തം നിലക്ക് വന്ന്, കഠിനാധ്വാനവും മനോധൈര്യവും കൊണ്ട് ചലച്ചിത്രമേഖലയില്‍ നിലനില്‍ക്കുന്നു. പ്രതികരിച്ചതിന്റെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടാല്‍ അവസരങ്ങളുണ്ടാക്കാന്‍ ശ്രമിക്കും. തടസങ്ങളുണ്ടായേക്കും. എന്നാല്‍ എവിടെയും പോകില്ല. പാര്‍വതി പറഞ്ഞു.

സ്ത്രീ വിരുദ്ധതയെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് പിന്നോട്ടു പോകില്ല. പ്രേക്ഷകരോട് തനിക്കുള്ളത് നേരായ തുറന്ന ബന്ധമാണ്. ജോലിയില്‍ ഗുണ നിലവാരം ഉറപ്പുവരുത്തുക എന്നതാണ് ഉത്തരവാദിത്തം. അല്ലാതെ എന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ പ്രേക്ഷകരുമായുള്ള ബന്ധം ബാധിക്കില്ല. എന്റെ കഥാപാത്രങ്ങളെ ഇഷ്ടപ്പെട്ടാല്‍ പ്രേക്ഷകര്‍ പിന്തുണക്കും. അതിനവരോട് നന്ദിയുണ്ട്. അല്ലാതെ വ്യക്തിയെന്ന നിലയില്‍ അവര്‍ എന്നെ ഇഷ്ടപ്പെടണമെന്നോ പ്രകീര്‍ത്തിക്കണമെന്നോ ആഘോഷിക്കണമെന്നോ ആഗ്രഹിക്കുന്നില്ല. പാര്‍വതി വ്യക്തമാക്കി.

 

Related posts