നിപ്പാ വൈറസ് ബാധയെത്തുടര്‍ന്ന് ജീവത്യാഗം ചെയ്ത ലിനി എന്ന നഴ്സിന്റെ വേര്‍പാട് കേരളത്തെ കുറച്ചൊന്നുമല്ല, നൊമ്പരപ്പെടുത്തിയത്. ഈ മാലാഖയുടെ നന്മയെ പ്രകീര്‍ത്തിക്കുകയാണ് ഇപ്പോള്‍ നാടുമുഴുവന്‍. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് നിരവധിയാളുകള്‍ ലിനിയ്ക്ക് ആദരവര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തി. നടി പാര്‍വതിയാണ് അക്കൂട്ടത്തിലൊരാള്‍.
സ്വന്തം ജീവനും സുരക്ഷയും മാറ്റിവച്ച് രോഗബാധിതരെ ചികിത്സിച്ച് അകാലത്തില്‍ ജീവന് വെടിഞ്ഞ പ്രിയപ്പെട്ട ലിനിയെ വേദനയോടെ ഓര്‍ക്കുന്നുവെന്നാണ് പാര്‍വതി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. വൈറസ് ബാധയേറ്റ് മരണപ്പെട്ടവരുടെ കുടുംബത്തിന്റെ സങ്കടങ്ങളില്‍ പങ്കുചേരുന്നതായും താരം പറഞ്ഞു.
പാര്‍വതിയ്ക്ക്, മികച്ച നടിയ്ക്കുള്ള ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നേടിക്കൊടുത്ത ടേക്ക് ഓഫ് എന്ന ചിത്രം സംസാരിച്ചത്, നഴ്സുമാരെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും ത്യാഗങ്ങളെക്കുറിച്ചുമായിരുന്നു. നഴ്സുമാരുടെ ജീവതത്തെ അടുത്തറിഞ്ഞ്, കൃത്യമായ രീതിയില്‍ അവതരിപ്പിച്ചയാള്‍ എന്ന നിലയില്‍ ലിനിയ്ക്ക് ആദരവര്‍പ്പിച്ചുകൊണ്ടുള്ള കുറിപ്പിനെ വളരെ ഗൗരവത്തോടെയാണ് സമൂഹം കാണുന്നതും.
പാര്‍വതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം…
‘നിപ്പാ വൈറസ് ബാധയെ കുറിച്ചുള്ള വാര്‍ത്തകളും ചര്‍ച്ചകളും കേരളത്തെയാകെ ഭീതിയില്‍ ആഴ്ത്തിയിട്ടുണ്ട്. സ്വന്തം ജീവനും സുരക്ഷയും മാറ്റി വെച്ച് രോഗബാധിതരെ ചികിത്സിച്ച് അകാലത്തില്‍ ജീവന് വെടിഞ്ഞ പ്രിയപ്പെട്ട ലിനിയെ വേദനയോടെ ഓര്‍ക്കുന്നു. അവരുടെ നിസ്വാര്‍ത്ഥമായ സേവനത്തിന്റെ മുന്നില്‍ ശിരസ്സ് നമിക്കുന്നു’