സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെടുന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടി പാർവതി തിരുവോത്ത്. ഒന്നിനു പിറകെ ഒന്നായി ഹിറ്റുകൾ കൊടുത്തിട്ടും തനിക്ക് വളരെ കുറച്ചു സിനിമകളെ ചെയ്യാൻ കഴിഞ്ഞിട്ടുള്ളുവെന്നും . ചിലർക്കൊപ്പം കാസ്റ്റ് ചെയ്യപ്പെടാറേ ഇല്ലെന്നും താരം പറയുന്നു. നേരത്തെ സെൽഫി എടുക്കാനും സംസാരിക്കാനുമൊക്കെ നിറയെ ആളുകള്‍ ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ ആരും മുഖം തരുന്നില്ലെന്നും താരം പറയുന്നു.
‘എനിക്ക് ഇൻഡസ്ട്രിയിലെ ആരുമായും അത്രയും അടുത്ത ബന്ധമില്ല. ചിലരുടെ വർക്കുകൾ എനിക്ക് ഇഷ്ടമാണ്. പക്ഷേ, എനിക്ക് നിങ്ങൾ ഒരു സിനിമ തന്നേ തീരൂ എന്ന് പറയാറില്ല. എനിക്ക് ബഹുമാനം നൽകിയാൽ മതി. എന്റെ കൂടെ കാണപ്പെടുക എന്നത് ഇപ്പോൾ ഒരു സ്റ്റേറ്റ്മെന്റ് ആയി മാറി. അതുകൊണ്ട്, പലരും അതൊഴിവാക്കാനാണ് ശ്രമിക്കുന്നത്.
കളക്ടീവ് രൂപീകരിക്കുന്നതു വരെ തുടർച്ചയായി ഹിറ്റുകൾ നൽകിക്കൊണ്ടിരുന്ന അഭിനേത്രി ആയിരുന്നു ഞാൻ. എനിക്കൊപ്പം നിറയെ പേരുണ്ടായിരുന്നു. സെൽഫി എടുക്കാനും സംസാരിക്കാനുമൊക്കെ നിറയെ ആളുകൾ. കളക്ടീവ് രൂപീകരിക്കപ്പെട്ടു, വിവാദങ്ങൾ ഉണ്ടായി, ആരും എനിക്കിപ്പോൾ മുഖം തരുന്നില്ല, ഏഴെട്ടു വർഷം ഇങ്ങനെ തുടർന്നപ്പോൾ അതിൽ നിന്നും ഞാൻ കുറെ പഠിച്ചു.
ഇപ്പോൾ ഇതൊന്നും എന്നെ ബാധിക്കാറില്ല. അതിനു വേണ്ടി ഊർജം കളയേണ്ട ആവശ്യവും വരുന്നില്ല. എന്റെ മുഴുവൻ ഊർജവും ഇപ്പോൾ ജോലി ചെയ്യുന്ന ഇടം എങ്ങനെ മികച്ചതാക്കാം, എങ്ങനെ നല്ല സൗഹൃദം സൃഷ്ടിക്കാം, എങ്ങനെ കളക്ടീവിൽ നന്നായി ഇടപെടാം, എങ്ങനെ മികച്ച ജീവിതം സാധ്യമാക്കാം, എങ്ങനെ എന്റേതായ വർക്ക് സൃഷ്ടിക്കാം എന്നതിലാണ് വിനിയോഗിക്കപ്പെടുന്നത്. ഒരു തരത്തിൽ എന്റെ ശ്രദ്ധ തിരിക്കുന്ന യാതൊന്നും ഇപ്പോഴില്ല എന്നു പറയാം എന്ന് പാർവതി പറഞ്ഞു.