ആരെയും പേടിച്ച് ഓടുകയില്ലെന്നും അവസരം ലഭിച്ചില്ലെങ്കിൽ സ്വയം സിനിമ എടുക്കുമെന്നും നടി പാർവതി. ജീൻസ് നിർമാതാക്കളായ ലീവിസിന്റെ ഐ ഷേപ് മൈ വേൾഡ് എന്ന ടോക്ക് ഷോയിലാണ് കസബ വിവാദത്തെക്കുറിച്ചുള്ള വിശദീകരണത്തിൽ തന്റെ നിലപാട് പാർവതി വ്യക്തമാക്കിയത്.
ഞാനല്ല ആദ്യമായി ആ സിനിമയെ വിമർശിച്ചത്. എനിക്കു മുൻപും ഒരുപാട് പേർ വിമർശിച്ചിരുന്നു. അന്ന് എനിക്കു നേരെ വിമർശനമുന്നയിച്ചതിനെക്കാൾ എന്നെ വേദനിപ്പിച്ചത് പല സ്ത്രീകളുടെയും നിലപാടാണ്.
പുരുഷൻ മർദ്ദിച്ചാൽ എന്താണ് കുഴപ്പം എന്ന് വരെ പല സ്ത്രീകളും പറയുന്നത് കേട്ടിരുന്നു. കമന്റുകൾ വായിച്ചതിനു ശേഷം സംശയം തോന്നി. വീണ്ടും ഞാൻ എന്താണ് പറഞ്ഞതെന്ന് വീഡിയോ കണ്ട് നോക്കി. ഞാൻ പറഞ്ഞത് ശരിയായിരുന്നു. ആരെയും വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ല.
സിനിമകൾ നഷ്ടപ്പെടുമെന്ന ഭയമില്ല. കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി ഞാൻ സിനിമയിലുണ്ട്. ഓരോ സിനിമയും തെരഞ്ഞെടുക്കുന്നത് ഇഷ്ടപ്പെട്ടാണ്. എനിക്ക് അവസരം നൽകിയില്ലെങ്കിൽ സ്വയം സിനിമയെടുക്കുമെന്നും പാർവതി പറഞ്ഞു.
കസബ വിവാദം കത്തിപ്പടർന്നതിനെ തുടർന്ന് സോഷ്യൽമീഡിയായിൽ പാർവതിക്കെതിരെ വ്യാപക ആക്രമണങ്ങൾ നടന്നിരുന്നു. പാർവതിയും പൃഥ്വിരാജും ഒന്നിക്കുന്ന മൈ സ്റ്റോറിക്കും ഇതിനെ തുടർന്ന് ആക്രമണം നേരിടേണ്ടി വന്നിരുന്നു.