പേരാമ്പ്ര: പേരാമ്പ്ര ചെമ്പ്ര റോഡ് മുക്കിൽ ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഡിവൈഎഫ്ഐ പേരാമ്പ്ര ഈസ്റ്റ് മേഖലാ കമ്മറ്റി ഓഫീസിനും സിപിഐ (എംഎൽ) ഓഫീസിനും ഇന്ന് പുലർച്ചെ സാമൂഹ്യ വിരുദ്ധർ തീയിട്ടു. ഫയർഫോഴ്സും പോലീസും എത്തി തീയ്യണച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മരുതേരിയിൽ പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സിപിഎം നിർമ്മിച്ച സംഘാടന സമിതി ഓഫീസും തീയിട്ടു നശിപ്പിച്ചു.
ചെമ്പ്ര റോഡിലെ തീപിടിത്തം പടരാതിരിക്കാൻ അധികൃതർ ജാഗ്രത പാലിച്ചത് അവസരോചിതമായി. ഹോട്ടൽ അടക്കം നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മേഖലയാണിത്. പേരാമ്പ്രയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന അക്രമ പ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ മുഴുവൻ യുവജനങ്ങളും രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്ഐ പേരാമ്പ്ര ബ്ലോക്ക് കമ്മറ്റി അഭ്യർത്ഥിച്ചു.