പാനൂർ: പശ ലഹരിയായി ഉപയോഗിച്ച 18 കാരനായ ഡിഗ്രി വിദ്യാർഥി ഒന്നാം നിലയിൽ നിന്നു കുഴഞ്ഞു വീണ് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ 10 ഓടെ പാനൂർ ബസ്സ്റ്റാൻഡിലെ നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സിലെ ഒന്നാം നിലയിൽ നിന്നാണ് 18 കാരൻ ലഹരി മൂത്ത് കുഴഞ്ഞു വീണ് സാരമായി പരിക്കേറ്റത്.
പരിസരത്തുണ്ടായിരുന്നവർ പാനൂർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത് രണ്ടാം തവണയാണ് ഈ വിദ്യാർഥി പശ പയോഗിച്ച് ലഹരി മൂത്ത് പാനൂർ പോലീസിന്റെ പിടിയിലാകുന്നത്.
ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയെ ആശുപത്രി വാസത്തിന് ശേഷം പാനൂർ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. പാനൂർ മേഖലയിൽ സ്ഥിരമായി പശ ലഹരിയായി ഉപയോഗിക്കുന്ന നിരവധി വിദ്യാർഥികളുള്ളതായി പാനൂർ പോലീസ് പറയുന്നു.