കൊടകര: പാഷൻ ഫ്രൂട്ടുകളുടെ വിസ്മയലോകം സൃഷ്ടിച്ച് പേരാന്പ്ര തേശേരിയിലുള്ള കള്ളിയത്തുപറന്പിൽ ടോമിയുടെ വീട്ടുമുറ്റം. പച്ച, മഞ്ഞ, ബ്രൗൺ നിറങ്ങളിലായി നൂറുകണക്കിനു പാഷൻ ഫ്രൂട്ടുകളാണ് ടോമിയുടെ വീട്ടുമുറ്റം അലങ്കരിക്കുന്നത്. കൃഷി വകുപ്പിന്റെ കൂടപ്പുഴ ഫാമിൽ നിന്ന് വാങ്ങി നട്ടുപിടിപ്പിച്ച പാഷൻ ഫ്രൂട്ട് ചെടികളാണ് ഇപ്പോൾ മുറ്റത്ത് പഴവർഗങ്ങളുടെ പന്തലൊരുക്കിയിരിക്കുന്നത്.
കണ്ണിനു വർണവിരുന്നിനൊപ്പം മികച്ച വരുമാനവും ഈ കൃഷിയിൽ നിന്ന് ലഭിക്കുന്നുണ്ടെന്ന് ടോമി പറയുന്നു. കിലോഗ്രാമിന് നൂറു രൂപ നിരക്കിലാണ് ടോമി പാഷൻ ഫ്രൂട്ട് വിൽപ്പന നടത്തുന്നത്. കഴിഞ്ഞ വർഷം മുപ്പതിനായിരം രൂപയോളം പാഷൻ ഫ്രൂട്ട് കൃഷിയിൽ നിന്ന്് ലഭിച്ചു. ഇത്തവണ കൂടുതൽ വിളവ് പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ തവണ വിളഞ്ഞതിൽ പാതിയിലേറെ സുഹൃത്തുക്കൾക്കും അയൽവാസികൾക്കും സൗജന്യമായാണ് ടോമി നൽകിയത്.
ഏറെ ഒൗഷധ ഗുണമുള്ള പാഷൻ ഫ്രൂട്ടുതേടി നിരവധി പേർ ് ടോമിയുടെ വീട്ടിലെത്തുന്നുണ്ട്. കൊടകര പഞ്ചായത്തിലെ മികച്ച കൃഷിക്കാരിലൊരാളായ ടോമി താൻ വിളയിച്ചുണ്ടാക്കുന്നതിൽ നിന്ന് ഒരു വിഹിതം നിർധനർക്ക് സൗജന്യമായി നൽകുന്നയാളാണ്. കിടപ്പുരോഗികളുടെ വീടുകളിലേക്കും അഗതിമന്ദിരങ്ങളിലേക്കും ടോമി കാർഷിക വിഭവങ്ങൾ സൗജന്യമായി എത്തിച്ചുകൊടുക്കാറുണ്ട്.
ഗൾഫിലുണ്ടായ വെൽഡിംഗ് ജോലി ഉപേക്ഷിച്ചാണ് പന്ത്രണ്ട് ് വർഷം മുന്പ് ടോമി നാട്ടിലെത്തി കൃഷിയിൽ സജീവമായത്. പാരന്പര്യമായി ലഭിച്ച രണ്ടര ഏക്കറിൽ പച്ചക്കറിയാണ് പ്രധാനമായും ഇയാൾ കൃഷി ചെയ്യുന്നത്. ഒരു കൗതുകത്തിനാണ് പാഷൻ ഫ്രൂട്ട് വള്ളികൾ നട്ടുപിടിപ്പിച്ചത്.