കോട്ടയം: സിനിമയിൽ മാത്രമല്ല ക്രിക്കറ്റിലും സൂപ്പർ താരമാണെന്നു പാഷാണം തെളിയിച്ചു. മാന്നാനം സെന്റ് എഫ്രേംസ് ഗ്രൗണ്ടിൽ നടന്ന എംസിഎ ജവിൻസ് കപ്പിലാണ് പാഷാണം ഷാജിയെന്ന സാജു നവോദയയുടെ വെടിക്കെട്ട് ബാറ്റിംഗിന് ആരാധകർ സാക്ഷികളായത്.
26 പന്തിൽ പുറത്താകാതെ 33 റണ്‍സെടുത്ത നായകന്റെ മികവിൽ മിമിക്സ് ഇലവൻ സെലിബ്രിറ്റി ടൂർണമെന്റിന്റെ ഫൈനലിലുമെത്തി. ഇന്ന് ഉച്ചയ്ക്ക് ഒന്നിനു നടക്കുന്ന ഫൈനലിൽ മീഡിയ സ്ട്രൈക്കേഴ്സ് കേരളയാണ് എതിരാളികൾ.
ദൃശ്യം ഫെയിം റോഷൻ ബഷീറും അമർ അക്ബർ അന്തോണി ഫെയിം ഷെഫീഖ് റഹ്മാനും അണിനിരന്ന പ്രൊഡ്യൂസേഴ്സ് ഇലവനെതിരേ മിമിക്സ് ഇലവൻ തോൽവി മുന്നിൽ കണ്ടപ്പോഴാണു പാഷാണം ഷാജി രക്ഷകനായി അവതരിച്ചത്. ഒരറ്റത്ത് വിക്കറ്റുകൾ നിലംപൊത്തിയപ്പോഴും ക്യാപ്റ്റൻ കൂളായി പാഷാണം മിമിക്രിക്കാരെ വിജയത്തിലെത്തിച്ചു. ആദ്യ മത്സരത്തിൽ സിനിമ പിന്നണിഗായകരുടെ ടീമായ മെലഡി ഹീറോസിനെ 37 റണ്‍സിനു കീഴടക്കിയാണു മീഡിയ സ്ട്രൈക്കേഴ്സ് കേരള ഫൈനലിനു യോഗ്യത നേടിയത്.
61 റൺസ് എടുത്ത അജയ്ദേവും 33 റൺസ് എടുത്ത ശ്രീനേഷ് പൈയും നാലു വിക്കറ്റെടുത്ത എം.ജി. ലിജോയും മീഡിയ സ്ട്രൈക്കേഴ്സിന്റെ വിജയശില്പികളായി.
അന്തരിച്ച സംവിധായകൻ ദീപനെ അനുസ്മരിച്ച ശേഷമാണു ടൂർണമെന്റ് ആരംഭിച്ചത്. രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ മാന്നാനം സെന്റ് ജോസഫ് ആശ്രമം പ്രിയോർ ഫാ. സെബാസ്റ്റ്യൻ ചാമത്തറ സിഎംഐ ടീമുകളെ പരിചയപ്പെട്ടു.
മാന്നാനം സ്പോർട്സ് അക്കാഡമി ഡയറക്ടർ ഫാ. ആന്റണി കാഞ്ഞിരത്തിങ്കൽ, കെസിഎ അക്കാഡമി പരിശീലകൻ ജിതിൻ എന്നിവർ സന്നിഹിതരായിരുന്നു. ഇന്നു നടക്കുന്ന സമാപനചടങ്ങിൽ സിനിമ, രാഷ്ട്രീയരംഗത്തെ പ്രമുഖർ പങ്കെടുക്കും