ആലുവ: കൊച്ചി മെട്രോ ആതുരലായങ്ങളിലേയും അഗതിമന്ദിരങ്ങളിലേയും അന്തേവാസികൾക്കായി സംഘടിപ്പിച്ച “സ്നേഹയാത്രയിൽ’ പങ്കെടുക്കാമെന്ന ജനസേവ ശിശുഭവനിലെ കുട്ടികളുടെ ആഗ്രഹം സഫലമായില്ല. ജില്ലാ സമൂഹ്യക്ഷേമ വകുപ്പ് യാത്രാനുമതി നിഷേധിച്ചതിനെത്തുടർന്നാണ് കുട്ടികളുടെ വളരെക്കാലമായുള്ള ആഗ്രഹം നടക്കാതെ പോയത്. കൊച്ചി സ്നേഹയാത്രയിൽ പങ്കെടുപ്പിക്കുന്നതിനായി 144പേർ15ന് മെട്രോ എച്ച്ആർ അഡ്മിനിസ്ട്രേഷൻ ആന്റ് ട്രെയിനിംഗ് ജനറൽ മാനേജർ ഡോ. എ.ജെ. അഗസ്റ്റിൻ മുന്പാകെ അപേക്ഷ നൽകിയിരുന്നു.
അവസാന നിമിഷമാണ് കുട്ടികളുടെ യാത്രാനുമതിക്കുള്ള ക്ലിയറൻസ് ജില്ലാ സാമൂഹ്യക്ഷേമ വകുപ്പിൽനിന്ന് ലഭിച്ചില്ല എന്ന കാരണത്താൽ ജനസേവയിലെ കുട്ടികളെ ഒഴിവാക്കുന്നു എന്ന ഒൗദ്യോഗിക അറിയിപ്പ് ലഭിച്ചത്. തങ്ങളുടെ സ്വപ്നയാത്ര നടക്കാത്തതിൽ കുട്ടികൾ നിരാശരാണ്. ജനസേവ ശിശുഭവനിൽ സംരക്ഷിക്കുന്ന അന്യസംസ്ഥാനക്കാരായ കുട്ടികളോട് സാമൂഹ്യക്ഷേമ വകുപ്പും ശിശുക്ഷേമ സമിതിയും ചെയ്യുന്ന അവഗണനയുടെയും അനീതിയുടേയും പ്രതികാര നടപടിയുടേയും ഒടുവിലത്തെ ഉദാഹരണമാണ് മെട്രോയുടെ സ്നേഹയാത്രയ്ക്കുള്ള വിലക്കെന്ന് ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി പറഞ്ഞു.
മെട്രോ യാത്രയിൽ ജനസേവയിലെ കുട്ടികൾക്ക് പങ്കെടുക്കാൻ കഴിയാത്ത സംഭവം അറിഞ്ഞ സിനിമാതാരം പാഷാണം ഷാജി ജനസേവ ചെയർമാൻ ജോസ് മാവേലിയുമായി ബന്ധപ്പെട്ട് കുട്ടികൾക്കുവേണ്ടി എറണാകുളം സരിത തിയറ്ററിൽ “എന്റെ കല്ലുപെൻസിൽ’ എന്ന സിനിമ കാണാൻ അവസരമൊരുക്കി.