തച്ചന്പാറ: ബാംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ച് വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ഇനമായ മധുരമുള്ള പച്ചനിറത്തിലുള്ള പാഷൻഫ്രൂട്ട് തച്ചന്പാറ പഞ്ചായത്തിലെ മാച്ചാംതോട്ടെ വീടുകളിൽ വിളവെടുപ്പിന് തയാറായി. തച്ചന്പാറ കൃഷിഭവനു കീഴിൽ മാച്ചാംതോട് തൊഴുത്തിൻകുന്ന് അയൽസഭയുടെ നേതൃത്വത്തിൽ നടത്തുന്ന മുറ്റത്തൊരു പാഷൻ ഫ്രൂട്ട് എന്നപദ്ധതിയുടെ ഭാഗമായാണ് ഈ ഭാഗത്തെ വീടുകളിൽ പാഷൻഫ്രൂട്ട് വച്ചുപിടിപ്പിച്ചത്.
കേന്ദ്രസർക്കാർ സ്ഥാപനമായ ബാംഗളൂർ ഐഐഎച്ച്ആറിന്റെ ഏറ്റവും പുതിയ ഇനം പാഷൻഫ്രൂട്ടിന്റെ തൈകൾ ഓരോ വീടുകളിലും നല്കിയിരുന്നു. മധുരമുള്ള പർപ്പിൾ കളറായ കാവേരിയെന്ന ഇനവും പുളിരസമുള്ള നാടൻ പച്ചയിനവും ക്രോസ് ചെയ്ത് വികസിപ്പിച്ചെടുത്തതാണ് ഈ പുതിയയിനം പാഷൻ ഫ്രൂട്ട്. രണ്ടിനങ്ങളുടേയും ഗുണങ്ങൾ ഇതിനുണ്ട്. കാഴ്ചയ്ക്ക് നാടൻ ഇനത്തെപോലെ പച്ചനിറമാണ്.
അതേസമയം അകത്തെ പൾപ്പിന് മധുരമാണ്. മറ്റു ഇനങ്ങളേക്കാൾ കൂടുതൽ കാന്പും തൂക്കവും ഉണ്ട്. പഞ്ചസാര ഉപയോഗിക്കാതെ തന്നെ കഴിക്കാം. സാധാരണ പർപ്പിൾ, ചുവപ്പുനിറങ്ങളിൽ കാണുന്ന പാഷൻ ഫ്രൂട്ടുകൾക്കാണ് മധുരമുണ്ടാവുക. ഇവയ്ക്ക് കാന്പ് കുറവുമായിരിക്കും. മധുരമുള്ള പച്ചയിനം പാഷൻഫ്രൂട്ട് ആദ്യമായാണ് ഉണ്ടാകുന്നത്. ചെടികൾക്ക് രോഗ പ്രതിരോധശേഷി കൂടുതലുണ്ട്.
ബാംഗളൂർ ഐഐഎച്ച്ആർ പരീക്ഷണാടിസ്ഥാനത്തിലാണ് മാച്ചാംതോട്ടെ വീടുകളിൽ കഴിഞ്ഞ നവംബറിൽ പുതിയ ഇനം പാഷൻ ഫ്രൂട്ടിന്റെ തൈകൾ നല്കിയത്. ജൂണ് മാസത്തോടെ കായകൾ വന്നെങ്കിലും തുടർച്ചയായുള്ള മഴവിളവിനെ ബാധിച്ചു. അയൽസഭയുടെ നേതൃത്വത്തിൽ പാഷൻഫ്രൂട്ടിൽനിന്നും മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കാനും ഉദ്ദേശമുണ്ട്.
പാഷൻഫ്രൂട്ട് വിളവെടുപ്പ് ഒക്ടോബർ മൂന്നിന് ബുധനാഴ്ച രാവിലെ പത്തിന് തച്ചന്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.സുജാത നിർവഹിക്കും. വാർഡ് മെന്പർ എം.രാജഗോപാൽ അധ്യക്ഷത വഹിക്കും. മണ്ണാർക്കാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ എസ്.ശാന്തിനി പദ്ധതി വിശദീകരണം നടത്തും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സഫീർ, കരിന്പ കൃഷി ഓഫീസർ പി.സാജിദലി, മുൻ പഞ്ചായത്തംഗം പി.അബൂബക്കർ, ആത്മ സൊസൈറ്റി സെക്രട്ടറി ബിജു ജോസഫ്, ട്രഷറർ എം.ഹമീദ് ഹാജി എന്നിവർ പ്രസംഗിക്കും. ഉബൈദുള്ള എടായ്ക്കൽ സ്വാഗതവും ജൈനമ്മ വർഗീസ് നന്ദിയും പറയും.