ലാഹോർ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ മതനിന്ദ ആരോപിച്ച് ജനക്കൂട്ടം 19 പള്ളികളും ക്രൈസ്തവരുടെ 87 ഭവനങ്ങളും നശിപ്പിച്ചുവെന്ന് റിപ്പോർട്ട്. പാക്കിസ്ഥാനിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്.
ബുധനാഴ്ച മതനിന്ദാ പരാമർശമുള്ള ഖുറാൻ താളുകൾ കണ്ടെത്തിയെന്ന ആരോപണത്തെത്തുടർന്ന് ഫൈസലാബാദ് നഗരപ്രാന്തത്തിലെ ജരൻവാലയിലാണ് അക്രമം അരങ്ങേറിയത്. നൂറുകണക്കിനു പേർ പള്ളികളും ഭവനങ്ങളും നശിപ്പിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്യുകയായിരുന്നു.
സംഭവത്തിലെ രണ്ടു മുഖ്യപ്രതികൾ അറസ്റ്റിലായെന്നു പ്രവിശ്യയിലെ കാവൽ മുഖ്യമന്ത്രി മൊഹ്സിൻ നഖ്വി വെള്ളിയാഴ്ച അറിയിച്ചു.
സംഭവത്തിൽ 140 പേരെ അറസ്റ്റ് ചെയ്തതായി കഴിഞ്ഞദിവസം പ്രവിശ്യാ സർക്കാർ അറിയിച്ചിരുന്നു. മോസ്കിലെ ഉച്ചഭാഷിണിയിലൂടെ ആക്രമണത്തിന് ആഹ്വാനം ചെയ്ത മുഹമ്മദ് യാസിനും ഇതിൽ ഉൾപ്പെടുന്നു.
തീവ്രവിഭാഗമായ തെഹ്രിക് ഇ ലബ്ബായിക്ക് പാക്കിസ്ഥാന്റെ പ്രവർത്തകരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.