ന്യൂഡൽഹി: ശക്തമായ നടപടികളിലൂടെ മാത്രമേ ഭീകരതയ്ക്കെതിരായ പാക്കിസ്ഥാന്റെ ആത്മാർഥത വിശ്വസിക്കാൻ കഴിയുകയുള്ളുവെന്ന് ഇന്ത്യ. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയിദിനെ വീട്ടുതടങ്കലിലാക്കിയെന്ന റിപ്പോർട്ടുകളോടു പ്രതികരിക്കുകയായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.
ഹാഫിസ് സയിദിനെയും മറ്റു നാലുപേരെയും കരുതൽ തടങ്കലിലാക്കിയെന്ന റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടു. ഹാഫിസ് സയിദിനെതിരേ പാക്കിസ്ഥാൻ മുന്പും ഇത്തരം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മുംബൈ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവർക്കും അതിർത്തി കടന്നുള്ള ഭീകരവാദത്തിനുമെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുകയും ഇത്തരം സംഘടനകളെ തകർക്കുകയും ചെയ്തെങ്കിൽ മാത്രമേ പാക്കിസ്ഥാന്റെ ആത്മാർഥതയെ വിശ്വസിക്കാൻ സാധിക്കുകയുള്ളു വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
മുംബൈ ഭീകരാക്രണത്തിൽ ഇന്ത്യ തെരയുന്ന ഭീകരൻ ഹാഫിസ് സയിദിനെ പാക്കിസ്ഥാൻ വീട്ടുതടങ്കലിലാക്കിയെന്നു കഴിഞ്ഞദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലാഹോറിലെ ചൗബുർജിക്കു സമീപമുള്ള മോസ്കിലാണ് സയിദിനെ വീട്ടുതടങ്കലിൽ ആക്കിയിരിക്കുന്നതെന്ന് പാക്കിസ്ഥാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സയിദ് നേതൃത്വം നൽകുന്ന സംഘടനയായ ജമാത് ഉദ് ദവാ നിരോധിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
വീട്ടു തടങ്കലിലാക്കിയതിനു പിന്നാലെ ഇന്ത്യക്കെതിരേ ആരോപണവുമായി ഹാഫിസ് സയിദ് രംഗത്തെത്തി. ഇന്ത്യയുടെ സമ്മർദ്ദമാണ് സംഘടനയെ നിരോധിക്കുന്നതിനു പിന്നിലെന്നാണ് സയിദ് ആരോപിക്കുന്നത്. 2017 കാഷ്മീരിൻറെ വർഷമായിരിക്കുമെന്ന് മുന്പ് തങ്ങൾ പ്രഖ്യാപിച്ചപ്പോൾതന്നെ ഇത്തരത്തിൽ സംഭവിക്കുമെന്നു തങ്ങൾക്ക് അറിയാമായിരുന്നെന്നും തന്നെ അറസ്റ്റ് ചെയ്താലും ലക്ഷക്കണക്കിനു ജനങ്ങൾ കാഷ്മീരിനായി ശബ്ദമുയർത്തുമെന്നും സയിദ് ട്വിറ്ററിൽ കുറിച്ചു.
സയിദിനൊപ്പം മറ്റു നാലു നേതാക്കളെ കൂടി കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്. അബ്ദുള്ള ഉബൈദ്, സഫർ ഇഖ്ബാൽ, അബ്ദുർ റഹ്മാൻ, ഖാസി കാഷിഫ് നിയാസ് എന്നിവരെയാണ് മുൻകരുതലായി പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.