സ്വന്തം ലേഖകൻ
തലശേരി:ലോക്ക്ഡൗണിന്റെ മറവില്‍ അന്തര്‍ സംസ്ഥാന ശൃംഖലകളുള്ള മനുഷ്യക്കടത്ത് സംഘം സജീവം. അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കുന്നതിന് ടൂറിസ്റ്റ് ബസുകള്‍ ട്രിപ്പ് നടത്താന്‍ തൊഴിലാളികളില്‍ നിന്നും ഈടാക്കുന്നത് ലക്ഷങ്ങള്‍. ആരോഗ്യരംഗത്തും ചെക്ക് പോസ്റ്റുകളിലും ഏജന്റുമാരെ ഏര്‍പ്പെടുത്തി കൊണ്ട് മാഫിയ കൊയ്യുന്നത് കോടികള്‍.
ഒഡീഷയിലേക്കും പശ്ചിമ ബംഗാളിലേക്കും മഹാരാഷ്ട്രയിലേക്കും എത്തിപ്പെടാന്‍ ഓരോ അതിഥി തൊഴിലാളികളും നല്‍കുന്നത് ആറായിരം മുതല്‍ പന്ത്രണ്ടായിരം രൂപ വരെ. സംസ്ഥാന തല പാസുകള്‍ സംഘടിപ്പിക്കുന്നതുള്‍പ്പെടെ ചെയ്തു കൊടുക്കുന്ന ഈ സംഘം നിരക്ഷരരായ തൊഴിലാളികളെ കൊള്ളയടിക്കുകയാണ്.
അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ എത്തുന്ന ഏജന്റുമാര്‍ തൊഴിലാളികളെ കാന്‍വാസ് ചെയ്താണ് കൊണ്ടു പോകുന്നത്.കേരളത്തിലെ എല്ലാ ജില്ലകളിലും ഏജന്റുമാരെ നിയോഗിച്ചിട്ടുള്ള ഇവര്‍ മറ്റ് സംസ്ഥാനങ്ങളിലും സജീവമാണ്.
അങ്ങോട്ട് അതിഥി തൊഴിലാളികളെ എത്തിക്കുന്നവര്‍ ഇവര്‍ തിരിച്ച് വരുന്പോൾ മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികളേയും അനധികൃത മാർഗങ്ങളിലൂടെ കേരളത്തിലെത്തിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. പരിശോധനകളില്ലാത്ത ഇടറോഡുകള്‍ വഴിയും ഇത്തരത്തില്‍ മനുഷ്യക്കടത്ത് നടക്കുന്നതായുള്ള വിവരവും ഇതര സംസ്ഥാന തൊഴിലാളികള്‍ വഴി പുറത്ത് വന്നിട്ടുണ്ട്.
ഓരോ സംസ്ഥാനത്തേക്കും പോകുന്നതിനായി സംഘടിപ്പിക്കുന്ന പാസുകളേക്കാള്‍ ഇരട്ടിയാളുകളേയും ഈ സംഘം അതിര്‍ത്തി കടത്തുന്നുണ്ട്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ജീവനക്കാര്‍ കുറവുള്ള സമയത്താണ് ബസുകള്‍ ചെക്ക് പോസ്റ്റിലെത്തുന്നത്.
ബസിനു മുന്നോടിയായി പൈലറ്റ് വാഹനത്തിലെത്തുന്ന മാഫിയ സംഘത്തിലെ കണ്ണികള്‍ അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ളവരെ കാണേണ്ട വിധം കണ്ട ശേഷമാണ് ബസുകള്‍ അതിര്‍ത്തി കടന്നു പോകുന്നത്.
എല്ലാം സംസ്ഥാനത്തിന്റെയും ചെക്ക് പോസ്റ്റുകളില്‍ യാത്രാ മാഫിയ സംഘത്തിന്റെ പൈലറ്റ് വാഹനങ്ങള്‍ എത്തുന്നുണ്ട്. ട്രെയിനില്‍ പോകാനായി കാത്തിരിക്കുന്ന തൊഴിലാളികളെ തേടിയാണ് ഏജന്റുമാര്‍ എത്തുന്നത്.
പാസ് സംഘടിപ്പിക്കുന്നതിനും ആരോഗ്യ പരിശോധനകള്‍ നടത്തുന്നതിനും ലഗേജുകള്‍ക്ക് വരെ പ്രത്യേകം പ്രത്യേകം തുക ഈടാക്കുന്ന സംഘം യാത്ര തുടങ്ങി കഴിഞ്ഞാല്‍ ബസിനുള്ളില്‍ ഭക്ഷണം വിതരത്തിനു പോലും വന്‍ തുകയാണ് ഈടാക്കുന്നത്.
ഒരു കുപ്പി വെള്ളത്തിന് നൂറു രൂപ വരെ ഈടാക്കിയതായുള്ള റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. കൂടുതല്‍ പണം ഈടാക്കുന്നത് ചോദ്യം ചെയ്യുന്ന തൊഴിലാളികളെ ബസിനുള്ളില്‍ വെച്ച് ഭീഷണിപ്പെടുത്തലും പതിവാണ്. കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നും ഒഡീഷയിലേക്ക് പോയ ഇത്തരത്തിലുള്ള ഒരു ബസ് അപകടത്തില്‍പെട്ട് 20 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണ്.