കോഴിക്കോട്: രാജ്യത്ത് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള കേരളത്തില്‍ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വന്‍ തട്ടിപ്പ് . പുതുതായി പാസ്പോര്‍ട്ട് അപേക്ഷിക്കുന്നവരേയും പാസ്പോര്‍ട്ട് പുതുക്കുന്നവരേയും കേന്ദ്രീകരിച്ചാണ് തട്ടിപ്പ്. ഔദ്യോഗിക പാസ്പോര്‍ട്ട് വെബ് പോര്‍ട്ടല്‍ പോലെ തോന്നിക്കുന്ന വെബ് സൈറ്റുകളുണ്ടാക്കി മാഫിയ സംഘങ്ങളാണ് തട്ടിപ്പ് നടത്തുന്നത് .
ദിവസവും ആയിരക്കണക്കിനാളുകളെയാണ് തട്ടിപ്പ്സംഘം ഇരകളാക്കുന്നതെന്നാണ് പാസ്പോര്‍ട്ട് സേവാകേന്ദ്രം അധികൃതര്‍ പറയുന്നത്. ഇത്തരത്തില്‍ കോടികളുടെ തട്ടിപ്പാണ് നടക്കുന്നത്. പാസ്പോര്‍ട്ട് പുതുക്കുന്നതിനായി ഇരട്ടിയിലേറെ ഫീസാണ് ഈ സംഘം ഈടാക്കുന്നത്. പാസ്പോര്‍ട്ട് കാലാവധിക്കുള്ളില്‍ പുതുക്കിയിട്ടില്ലെങ്കില്‍ മൂന്നുവര്‍ഷത്തിന് ശേഷമാണ് അധികതുക ഈടാക്കുന്നത്.
അല്ലാതെ 1500 രൂപ മാത്രം അടച്ചാല്‍ മതി. എന്നാല്‍ ഓണ്‍ലൈന്‍ വഴിയുള്ള സ്വകാര്യ സൈറ്റുകളില്‍ 3500 രൂപ മുതലാണ് ഈടാക്കുന്നത്. വ്യക്തിഗത വിവരങ്ങൾ , പഴയ പാസ്പോർട്ട് നന്പർ, ആധാർ-തിരിച്ചറിയൽ കാർഡ്-പാൻ കാർഡ് വിശദാംശങ്ങൾ തുടങ്ങി എല്ലാ വിവരങ്ങളും നല്കി അവസാനമാണ് തുക എത്രയാണെന്ന് വ്യക്തമാക്കുന്നത്.
1500 രൂപയ്ക്കുപകരം, കൺസൾട്ടൻസി ഫീസെന്ന പേരിൽ 2000 ചേർത്ത് മൊത്തം 3500 രൂപ ഒൺലെനിൽ അടയ്ക്കാൻ ആവശ്യപ്പെടും. പാസ്പോര്‍ട്ട് പുതുക്കുന്നതിനുള്ള അംഗീകൃത തുക അറിയാത്തവര്‍ ഈതട്ടിപ്പിനിരകളാവും. ആദ്യമായി പാസ്പോര്‍ട്ട് അപേക്ഷിക്കുന്നവരും ഇത്തരം വ്യാജ ഓണ്‍ലൈന്‍ സൈറ്റുകളില്‍ തട്ടിപ്പിനിരയാവുന്നുണ്ട്.
കോഴിക്കോട്ട് ഇന്നലെ പാസ്പോർട്ട് പുതുക്കാൻ അപേക്ഷ നൽകുന്നതിനിടെ ദന്പതികളുടെ 7000 രൂപ തട്ടിയെടുക്കാൻ ശ്രമിച്ചു. രണ്ടു പാസ്പോർട്ടുകൾ പുതുക്കുന്നതിനുള്ള എല്ലാ വിശദാംശങ്ങളും ഓൺലൈനിൽ നൽകിയപ്പോൾ 3500 രൂപ വീതം അടയ്ക്കാൻ കംപ്യൂട്ടറിൽ നിർദേശം വന്നു. സംശയം തോന്നി പാസ്പോർട്ട് ഓഫീസ് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് ചതി മനയിലായത്. പണം അടച്ചിരുന്നെങ്കിലും അത്രയും തുക നഷ്ടപ്പെടുമായിരുന്നെന്നും പാസ്പോർട്ട് പുതുക്കികിട്ടില്ലെന്നും അധികൃതർ പറഞ്ഞു.
കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പാസ്പോര്‍ട്ട് അപേക്ഷകരെ ലക്ഷ്യമിട്ട് വ്യാജ വെബ്സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും നിരവധിയുണ്ടെന്നും ഇവരുടെ ചതിയില്പ്പെടരുതെന്നുമുള്ള മുന്നറിയിപ്പാണ് കേന്ദ്രമന്ത്രാലയം പുറപ്പെടുവിച്ചത്. ഇക്കാര്യം സംസ്ഥാന പോലീസും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പായി നല്‍കിയെങ്കിലും തട്ടിപ്പിനിപ്പോഴും മലയാളികള്‍ ഇരകളാവുന്നുണ്ട്.
വ്യക്തിഗത വിവരങ്ങള്‍ സ്വന്തമാക്കാനും അമിതചാര്‍ജ്ജ് ഈടാക്കാനുമായാണ് ഇത്തരത്തിലുള്ള വെബ്സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനും പ്രവര്‍ത്തിക്കുന്നത്. ഔദ്യോഗിക പാസ്പോര്‍ട്ട് വെബ് പോര്‍ട്ടല്‍ പോലെ തോന്നിക്കുന്ന *.org, *.in, *.com എന്നീ ഡൊമൈനുകളിൽ രജിസ്റ്റർ ചെയ്ത
നിരവധി വെബ്സൈറ്റുകള്‍ ഇപ്രകാരം പ്രവര്‍ത്തിക്കുന്നുണ്ട്. www.indiapassport.org, www.online-passportindia.com, www.passportindiaportal.in, www.passport-india.in, www.passport-seva.in, www.apply passport.org എന്നിങ്ങനെയാണ് വ്യാജ വെബ്സൈറ്റുകള്‍.
ഇന്ത്യന്‍ പാസ്സ്പോര്‍ട്ടിന് അപേക്ഷിക്കുന്ന പൗരന്മാര് വളരെയധികം ജാഗരൂകരമാണെന്നും പാസ്സ്പോര്‍ട്ട് സംബന്ധമായ ആവശ്യങ്ങള്‍ക്കായുള്ള ഒഫീഷ്യല്‍ വെബ്സൈറ്റ് www.passport india.gov.in എന്നതാണെന്നും പാസ്പോര്‍ട്ട് സേവാ, കൗണ്‍സുലര്‍, പാസ്പോര്‍ട്ട് ആൻഡി് വിസ ഡിവിഷന് , വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. mPassport Seva എന്ന ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനും Android and iOS application സ്റ്റോറുകളിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.