ഓട്ടോസ്പോട്ട് /ഐബി
നാല്പതു ലക്ഷം രൂപ റേഞ്ചിലുള്ള ആഡംബര ഫുൾ സൈസ് സെഡാൻ ഉദ്ദേശിക്കുന്നവർക്ക് സ്കോഡ സുപ്പെർബ്, ടൊയോട്ട കാമ്രി, ഹോണ്ട അക്കോർഡ് എന്നീ മോഡലുകൾക്കൊപ്പം പരിഗണിക്കാവുന്നതാണ് ഫോക്സ് വാഗണ്‍ പസാറ്റ്. ജർമൻ സാങ്കേതികവിദ്യയുടെ പിൻബലത്തോടെ ഈ വർഷം വിപണിയിലെത്തിയ പുതുതലമുറ പസാറ്റ് വാഹനപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റും.
എക്സ്റ്റീരിയർ
കൂടുതൽ വീതിയേറിയ രൂപം തോന്നിക്കുംവിധമാണ് രൂപഘടന. 12 എംഎം വീതി കൂട്ടുകയും 14 എംഎം ഉയരം കുറയ്ക്കുകയും ചെയ്തിട്ടുണ്ടെങ്കിലും മാറ്റം പ്രകടമല്ല. വീതി കുറഞ്ഞ ഹെഡ് ലാന്പുകളും ക്രോം സ്ട്രിപ്പുകളുള്ള ഗ്രില്ലും ബന്പറിലെ വലിയ എയർഡാമും ഫോഗ് ലാന്പുകളും നവ്യാനുഭൂതി നല്‍കുന്നുണ്ട്.
വശങ്ങളിൽ എ പില്ലറിന്റെ താഴെനിന്നാരംഭിക്കുന്ന, ടൊർണാഡോ ലൈൻ ഡോർ ഹാൻഡിലുകളിലൂടെ കടന്ന് ടെയിൽ ലാന്പിൽ എത്തിനിൽക്കുന്നു. വാഹനത്തിന്റെ വശങ്ങളിൽ മസ്കുലാർ ഭാവം നല്കാൻ ടൊർണാഡോ ലൈനിനു കഴിയുന്നുണ്ട്. ഡോറിനു താഴ്ഭാഗത്തുള്ള ലൈനുകളും സമാന രീതിയിൽത്തന്നെയാണ്.
കാബിൻ
മറ്റു ഫോക്സ് വാഗണ്‍ മോഡലുകളെ അനുസ്മരിപ്പിക്കുംവിധമാണ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സെൻട്രൽ കണ്‍സോൾ എന്നിവയുടെ ഡിസൈൻ. അതേസമയം ഒൗഡിയുടെ എസി വെന്റ് ഡിസൈൻ കടംകൊണ്ടിട്ടുമുണ്ട്.
മുൻ സീറ്റുകൾ കൂടുതൽ യാത്രാസുഖം നല്‍കുന്നവിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ആറടി ഉയരമുള്ളവർക്കുപോലും ദീർഘദൂരയാത്രയിൽ പരാതി പറയാൻ ഫോക്സ് വാഗണ്‍ ഇട നല്‍കിയിട്ടില്ല. മുൻ സീറ്റുകൾ ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ആണെന്നു മാത്രമല്ല ഹീറ്റർ സംവിധാനമുള്ളവയുമാണ്. അതേസമയം കൂളിംഗ് സംവിധാനം നല്‍കിയിട്ടില്ല. ഡ്രൈവർ സീറ്റിന് മസാജ് ഫംഗ്ഷൻ ഉൾക്കൊള്ളിച്ചിരിക്കുന്നത് ഡ്രൈവിംഗ് ആയാസരഹിതമാക്കും.
586 ലിറ്റർ ബൂട്ട് സ്പേസാണ് പസാറ്റിനുള്ളത്. പിൻ സീറ്റ് മടക്കിയാൽ ഇത് 1152 ലിറ്ററായി ഉയർത്താം.
ടെക്നോളജി: സാങ്കേതികവിദ്യകളുടെ കാര്യത്തിൽ മികച്ച സംവിധാനങ്ങളൊരുക്കാൻ പസാറ്റിന് കഴിഞ്ഞിട്ടുണ്ട്. സ്റ്റാർട്ടർ, ടോപ് എൻഡ് വേരിയന്റിൽ 9 എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, സ്റ്റബിലിറ്റി കണ്ട്രോൾ, എൽഇഡി ഹെഡ്ലൈറ്റുകൾ, ഹെയർപിൻ വളവുകളിലെ സുരക്ഷയ്ക്കായി സൈഡ് റിഫ്ളെക്ടർ ലൈറ്റുകൾ, ഓട്ടോ ഹോൾഡ് ബ്രേക്ക് ഫംഗ്ഷൻ, സെൽഫ് പാർക്കിംഗ് ഫംഗ്ഷനാലിറ്റി, വീടുകളിലെ സ്വിച്ച്ബോർഡിനു സമമായ 2 പിൻ 230 വോൾട്ട് സോക്കറ്റിനൊപ്പം 12 വോൾട്ട്, യുഎസ്ബി സോക്കറ്റുകൾ എന്നിവയാണ് പ്രധാന ഫീച്ചറുകൾ.
എൻജിൻ: 6 സ്പീഡ് 2.0 ലിറ്റർ ടിഡിഐ ഡീസൽ എൻജിൻ 175 ബിഎച്ച്പി പവറിൽ 350 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു. ഈ വേരിയന്റിൽ ഓട്ടോമാറ്റിക്കും ലഭ്യമാണ്.
വില: 35.09 – 38.59 ലക്ഷം രൂപ