വിമാനയാത്രയ്ക്കിടെ എയര്ഹോസ്റ്റസിനെ ആക്രമിക്കുകയും എമര്ജന്സി വാതില് തുറക്കാന് ശ്രമിക്കുകയും ചെയ്ത യാത്രികനെ അറസ്റ്റ് ചെയ്തു.
അമേരിക്കന് പൗരനായ ഫ്രാന്സിസ്കോ സെര്വോ ടോറസ് (33) ആണ് അറസ്റ്റിലായത്.
ലോസ് ഏഞ്ചല്സില് നിന്ന് പുറപ്പെട്ട യുണൈറ്റഡ് എയര്ലൈന്സ് വിമാനം ബോസ്റ്റന് ലോഗല് എയര്പോര്ട്ടില് എത്തിയ ഉടന് യുവാവിനെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
എയര് ഹോസ്റ്റസിനെ ലോഹ സ്പൂണ് ഉപയോഗിച്ച് ആണ് ഇയാള് കുത്തിയത്. വിമാനത്തിലെ ജീവനക്കാരുടെ ജോലി തടസപ്പെടുത്തി, അപകടകരമാം വിധം ആയുധം ഉപയോഗിച്ചു എന്നീ കുറ്റങ്ങളാണ് ഇയാള്ക്കെതിരേ ചുമത്തിയിരിക്കുന്നത്.
ജീവപര്യന്തം വരെ തടവും പിഴയും ചുമത്താവുന്ന കുറ്റമാണിത്. ലാന്ഡിങ്ങിന് മണിക്കൂറുകള്ക്ക് മുന്പ് വിമാനത്തിന്റെ എമര്ജന്സി വാതില് ഇയാള് തുറക്കാന് ശ്രമിക്കുകയായിരുന്നു.
ഇത് ശ്രദ്ധയില്പ്പെട്ടതോടെ കോക്പിറ്റില് അലാറം അടിക്കുകയായിരുന്നു. തുടര്ന്ന് തുറക്കാന് ശ്രമിച്ച വാതില് എയര്ഹോസ്റ്റസെത്തി സുരക്ഷിതമായി അടച്ചു.
ഇതിനിടെയാണ് ഇയാള് എയര്ഹോസ്റ്റസിനെ കുത്തുന്നത്. കഴുത്തിന്റെ ഭാഗത്ത് മൂന്ന് തവണയാണ് ഇയാള് കുത്തിയത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് വിമാന അധികൃതര് അറിയിച്ചു.