തിരുവല്ല: സംസ്ഥാനമൊട്ടാകെ ലോക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നിട്ടും ട്രെയിന്‍ സര്‍വീസുകളുടെ കാര്യത്തില്‍ മാറ്റത്തിനൊരുങ്ങാതെ റെയില്‍വേ.
പാസഞ്ചര്‍ ട്രെയിനുകള്‍ പുനരാരംഭിക്കാത്തതും എക്സ്പ്രസ് സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ സ്പെഷല്‍ സര്വീസുകളാക്കുകയും ടിക്കറ്റ് നിരക്ക് കൂട്ടുകയും ചെയ്തതോടെ ജില്ലയില്‍ ട്രെയിന്‍ യാത്രക്കാരുടെ ദുരിതത്തിന് അറുതിയില്ലാതായി. കൊല്ലം – കോട്ടയം പാസഞ്ചര്‍, സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യത്തോട് അധികൃതര്‍ ഇപ്പോഴും മൗനം പാലിക്കുകയാണ്.
നിലവില്‍ മെമുവിന് മാത്രമാണ് സീസണ് ടിക്കറ്റ് ആരംഭിച്ചത്. മെമു ട്രെയിനുകളില്‍ ഈടാക്കുന്നത് എക്സ്പ്രസ് ട്രെയിനിന്റെ നിരക്കാണ്. മെമു സ്പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചെങ്കിലും ഹാള്‍ട് സ്റ്റേഷനുകള്‍ പാടെ അവഗണിച്ചു.
പരാതിപ്പെട്ടിട്ടും…
ട്രെയിന്‍ യാത്രക്കാരുടെ സംഘടന പല തവണ അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു അനുകൂല നിലപാടുകളും റെയില്‍വേ സ്വീകരിച്ചിട്ടില്ല.
കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് 2020 മാര്‍ച്ച് 24 മുതല്‍ നിര്‍ത്തിവച്ച സര്വീസുകളിലധികവും പുനരാരംഭിച്ചെങ്കിലും പാസഞ്ചര്‍, മെമു സര്‍വീസുകള്‍, സീസണ് ടിക്കറ്റ് കൗണ്ടറില്‍ നിന്ന് ടിക്കറ്റെടുക്കല്‍, അണ്‍റിസേര്‍വ്ഡ് കോച്ച് തുടങ്ങി സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന സംവിധാനങ്ങളൊന്നും പുനരാരംഭിച്ചിട്ടില്ല.
സമയക്രമം പാലിക്കാത്തതിനാല്‍ ജോലിക്ക് പോകുന്നവര്‍ക്ക് സര്‍വീസിന്റെ പ്രയോജനം ലഭിക്കുന്നുമില്ല. ഇപ്പോള്‍ ഒരു ദിവസം റിസര്‍വേഷന്‍ ചാര്‍ജും ഐആര്‍സിടിസി സര്‍വീസ് ചാര്‍ജുകളും അടക്കം നല്ലൊരു തുകയാണ് യാത്രക്കാര്‍ക്ക് ചെലവാകുന്നത്.
നിലവില്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ളവര്‍ക്ക് മാസത്തില്‍ 12 തവണയും അല്ലാത്തവര്‍ക്ക് ആറ് തവണയും ടിക്കറ്റെടുക്കാം.
സ്ഥിരം യാത്രക്കാര്‍ ബാക്കിയുള്ള ദിവസങ്ങളില്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ സ്റ്റേഷനുകളില്‍ ക്യൂ നില്‍ക്കണം. അല്ലെങ്കില്‍ മറ്റുള്ളവരുടെ ഫോണ്‍ നമ്പരിനെ ആശ്രയിക്കണം. ഇതൊഴിവാക്കാന്‍ നിലവിലെ സ്പെഷല്‍ നിരക്കിലെങ്കിലും റിസര്‍വ്ഡ് സീസണ് ടിക്കറ്റ് അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.