കൊല്ലം: രാജ്യത്താകമാനം പാസഞ്ചർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ റെയിൽവേ ബോർഡ് നീക്കങ്ങൾ തുടങ്ങി. മിനിമം ടിക്കറ്റ് നിരക്ക് 10 രൂപയാക്കി കുറയ്ക്കും. നിലവിലെ മിനിമം ചാർജ് 30 രൂപയാണ്.
കോവിഡിന് മുമ്പ് പാസഞ്ചർ ട്രെയിനുകളിൽ കുറഞ്ഞ നിരക്ക് 10 രൂപയായിരുന്നു. കോവിഡിന് ശേഷം രാജ്യത്ത് ട്രെയിൻ സർവീസുകൾ നിർത്തിവച്ച ശേഷം പുനരാരംഭിച്ചപ്പോഴാണ് 30 രൂപയായി മിനിമം ടിക്കറ്റ് നിരക്ക് ഉയർത്തിയത്.
കോവിഡിന് ശേഷം അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ, മെയിൽ/ എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ് എന്നീ മൂന്ന് തരത്തിലുള്ള സർവീസുകളാണ് റെയിൽവേ രാജ്യത്ത് ഓപ്പറേറ്റ് ചെയ്യുന്നത്.
നേരത്തേ പാസഞ്ചർ ആയി ഓടിയിരുന്ന വണ്ടികളാണ് നിരക്ക് കൂട്ടി അൺ റിസർവ്ഡ് സ്പെഷൽ സർവീസ് എന്ന പേരിൽ ഇപ്പോൾ ഓടിക്കുന്നത്.ഇവയെ ഉടൻ പഴയ രീതിയിൽ ഓർഡിനറി പാസഞ്ചർ എന്നാക്കി മാറ്റി നിരക്കുകൾ കുറയ്ക്കാനാണ് നീക്കം.
തെക്ക് പടിഞ്ഞാറൻ റെയിൽവേയിൽ ഇത്തരത്തിലുള്ള നിരക്ക് കുറവ് ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. അവിടെ ഓടുന്ന മെമു/ ഡെമു സർവീസുകളിൽ കോവിഡിന് മുമ്പുള്ള നിരക്കു മാത്രമേ ഈടാക്കാവൂ എന്ന ഉത്തരവ് ഇന്നലെയാണു പുറത്തിറങ്ങിയത്.അടിയന്തിരമായി ഇതു പ്രാബല്യത്തിൽ വരുത്തണം എന്നാണ് ഉത്തരവിൽ പറയുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ ദക്ഷിണ റെയിൽവേയിലടക്കം പാസഞ്ചർ ടിക്കറ്റ് നിരക്കു കുറയുന്നത് ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ഉന്നത ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.യുടിഎസ് ആപ്പ് വഴി പാസഞ്ചർ ടിക്കറ്റ് എടുത്തവർക്ക് ഇന്ന് പത്ത് രൂപയ്ക്കുള്ള മിനിമം ടിക്കറ്റ് ലഭിക്കുകയും ചെയ്തു. ടിക്കറ്റ് നിരക്കു കുറയ്ക്കുന്നതിന്റെ ആദ്യപടിയാണ് യുടിഎസ് ( അൺ റിസർവ്ഡ് ടിക്കറ്റിംഗ് സർവീസ്) ആപ്പിലെ ഈ അപ്ഡേഷൻ എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇത് റെയിൽവേ സ്റ്റേഷനുകളിലെ കൗണ്ടർ ടിക്കറ്റിംഗ് സിസ്റ്റത്തിൽ കൂടി അപ്ഡേറ്റ് ചെയ്താൽ ടിക്കറ്റ് നിരക്ക് കുറച്ചു കൊണ്ടുള്ള ഉത്തരവ് ഔദ്യോഗികമായി പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. പാർലമെന്റ് തെരത്തെടുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുമ്പുതന്നെ പാസഞ്ചർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറച്ചു കൊണ്ടുള്ള അറിയിപ്പ് ഉണ്ടാകുമെന്നാണ് വിവരം.
എക്സ്പ്രസ്/ മെയിൽ സർവീസുകളിൽ മിനിമം നിരക്ക് 30 രൂപയും സൂപ്പർ ഫാസ്റ്റിൽ 45 രൂപയുമാണ്. ഈ നിരക്കുകളിൽ ഇളവുകൾ ഉണ്ടാകാൻ സാധ്യതയില്ല.
എസ്.ആർ. സുധീർ കുമാർ