കൊല്ലം: പാസഞ്ചർ ട്രെയിനുകളുടെ മിനിമം ടിക്കറ്റ് നിരക്ക് 30 രൂപയിൽനിന്ന് 10 ആയി കുറച്ചത് സംസ്ഥാനത്ത് ഭാഗികമായി നിലവിൽ വന്നു. പാലക്കാട് ഡിവിഷനിൽ ഇന്നലെ മുതൽ 10 രൂപ മുതലുള്ള സെക്കന്ഡ് ക്ലാസ് ഓർഡിനറി ടിക്കറ്റുകൾ ലഭിച്ച് തുടങ്ങിയെങ്കിലും തിരുവനന്തപുരം ഡിവിഷനിൽ പാസഞ്ചർ ട്രെയിൻ നിരക്കിലെ കുറവ് പ്രാബല്യത്തിലായിട്ടില്ല.
പാലക്കാട് ഡിവിഷനിൽ സ്റ്റേഷൻ കൗണ്ടറുകളിലും സ്റ്റേഷൻ പരിസരത്തെ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്റിംഗ് മെഷീൻ കൗണ്ടറുകളിലും യുടിഎസ് ആപ്പ് വഴിയും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ ലഭിക്കു ന്നുണ്ട്.എന്നാൽ, തിരുവനന്തപുരം ഡിവിഷനിലെ സ്റ്റേഷൻ കൗണ്ടറുകളിൽ ഇന്നും പാസഞ്ചറിന്റെ മിനിമം നിരക്ക് 30 രൂപയാണ് ഈടാക്കിയത്.
നിരക്ക് കുറച്ചുള്ള അറിയിപ്പുകളൊന്നും തങ്ങൾക്ക് ഇതുവരെയും ലഭിച്ചിട്ടില്ലെന്നാണ് തിരുവനന്തപുരം ഡിവിഷനിലെ കൊമേർസ്യൽ വിഭാഗം ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം യുടിഎസ് ആപ്പിൽ പത്ത് രൂപയുടെ സെക്കന്ഡ് ക്ലാസ് ഓർഡിനറി ടിക്കറ്റ് രണ്ട് ദിവസം മുമ്പ് മുതൽ ലഭിക്കുന്നുണ്ടു താനും.
പാസഞ്ചർ ടിക്കറ്റ് നിരക്കിലെ കുറവ് തിരുവനന്തപുരം ഡിവിഷനിൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വരാത്തതിനാൽ യുടിഎസ് ആപ്പ് വഴി ലഭിക്കുന്ന കുറഞ്ഞ നിരക്കിലെ ടിക്കറ്റ് ഉപയോഗിച്ചുള്ള യാത്ര അംഗീകരിക്കാൻ കഴിയില്ലെന്ന് ടിക്കറ്റ് പരിശോധകർ പറയുന്നു.സ്റ്റേഷൻ കൗണ്ടറുകളിലെ കംപ്യൂട്ടർ സംവിധാനത്തിൽ നിരക്ക് കുറവ് ഇതുവരെ അപ്ഡേറ്റ് ചെയ്തിട്ടില്ല. അതാണ് നിരക്ക് കുറവ് പ്രാബല്യത്തിലാകാനുള്ള കാലതാമസത്തിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അതേസമയം, മധുര ഡിവിഷനിലും പാസഞ്ചർ ടിക്കറ്റ് നിരക്കുകൾ ഇന്നലെ മുതൽ കുറഞ്ഞു. കൊല്ലം-ചെങ്കോട്ട പാതയിൽ കൊല്ലം കഴിഞ്ഞാൽ അടുത്ത സ്റ്റേഷൻ കിളികൊല്ലൂർ ആണ്. ഈ സ്റ്റേഷൻ മധുര ഡിവിഷന് കീഴിലാണ്. ഇവിടെ നിന്ന് ഇന്നലെ മുതൽ മിനിമം 10 രൂപ മുതലുള്ള പാസഞ്ചർ ടിക്കറ്റുകളുടെ വിതരണം തുടങ്ങി.
പാസഞ്ചർ നിരക്കുകൾ കുറഞ്ഞ് തുടങ്ങിയത് സാധാരണക്കാരായ യാത്രക്കാരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസത്തിന് വക നൽകുന്ന കാര്യമാണ്. കോവിഡിന് ശേഷം പാസഞ്ചർ ട്രെയിനുകളെ ‘അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ’ എന്ന് പുനർനാമകരണം ചെയ്ത് ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയാക്കി റെയിൽവേ നടത്തി വന്ന പകൽ കൊള്ളയ്ക്ക് ഇതോടെ അറുതിയാകുകയാണ്.
അപ്പോഴും ചില ആശയക്കുഴപ്പങ്ങളും ബാക്കി നിൽക്കുന്നു. എല്ലാ സ്റ്റേഷനുകളിലും നിർത്തുന്ന വണ്ടികളെയാണ് പാസഞ്ചറുകൾ എന്ന് വിവക്ഷിക്കുന്നത്.എന്നാൽ കോവിഡിന് ശേഷം പല പാസഞ്ചർ ട്രെയിനുകളുടെയും ചില സ്റ്റോപ്പുകൾ എടുത്ത് കളഞ്ഞ് ഇപ്പോഴും എക്സ്പ്രസ് എന്ന പേരിലാണ് സർവീസ് നടത്തുന്നത്. നിർത്തലാക്കിയ സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചാൽ മാത്രമേ ഇവയെ പാസഞ്ചറിന്റെ ഗണത്തിൽ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ.
അതുകൊണ്ട് തന്നെ 10 രൂപ ടിക്കറ്റ് എടുക്കുന്നവർക്ക് ഏതൊക്കെ ട്രെയിനുകളിൽ സഞ്ചരിക്കാം എന്ന കാര്യത്തിൽ ഇപ്പോഴും റെയിൽവേ വ്യക്തത വരുത്തിയിട്ടില്ല. തിരുവനന്തപുരം ഡിവിഷനിൽ ഓടുന്ന മെമു ട്രെയിനുകൾക്കും വിരലിൽ എണ്ണാവുന്ന പാസഞ്ചറുകൾക്കുമാണ് നിലവിൽ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് ഉള്ളത്.
എസ്.ആർ. സുധീർ കുമാർ