കോട്ടയം: പാസഞ്ചർ ട്രെയിനുകൾ സ്ഥിരമായി വൈകുന്നതു യാത്രക്കാർക്ക് ദുരിതം സമ്മാനിക്കുന്നു. ലോക്കോ പൈലറ്റുമാരുടെ കുറവുമൂലം ദിവസവും മൂന്നും നാലും പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കുകയും ചെയ്യുന്നുണ്ട്.
തിരുവനന്തപുരം-എറണാകുളം സെക്ടറിൽ കോട്ടയം, ആലപ്പുഴ റൂട്ടുകളിൽ പാസഞ്ചർ മെമു സർവീസുകൾ മുടക്കമില്ലാതെ ഓടിയിട്ട് രണ്ടു മാസമായി. പാത അറ്റകുറ്റപ്പണി എന്ന പേരിൽ പതിവായുള്ള മുടക്കത്തിൽ വലയുന്നത് വിദ്യാർഥികളും ജോലിക്കാരും ഉൾപ്പെടെ പതിവുയാത്രക്കാരാണ്.
മെഡിക്കൽ കോളജ്, യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലേക്കുള്ള യാത്രാക്കാരാണ് ഏറെ വലയുന്നു.പാസഞ്ചറുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്പോൾ പതിവു യാത്രക്കാർക്ക് മറ്റ് ട്രെയിനുകളെ ആശ്രയിക്കുന്നതിൽ പരിമിതിയുണ്ട്. എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് വണ്ടികൾക്ക് എല്ലായിടത്തും സ്റ്റോപ്പില്ല.
റിസർവേഷൻ കംപാർട്ടുമെന്റുകളിൽ സീസണ് ടിക്കറ്റിന് യാത്ര അനുവദിക്കുകയുമില്ല. ചെറിയ സ്റ്റോപ്പുകളിൽ ട്രെയിനിന് സ്റ്റോപ്പില്ലാത്തതിനാൽ പതിവുകാർ രാവിലെയും രാത്രിയും ടാക്സി വാഹനങ്ങളെയോ ബസുകളെയോ ആശ്രയിക്കേണ്ടിവരുന്നു.
പതിവ് പാസഞ്ചറുകൾ റദ്ദാക്കപ്പെടുന്നതോടെ രാത്രി ഏറെ വൈകിയാണ് ദീർഘദൂരയാത്രക്കാർ വീടുകളിലെത്തുന്നത്. ചില വണ്ടികൾ റദ്ദാക്കപ്പെടുന്നതോടെ മറ്റ് പാസഞ്ചറുകൾ വൈകിയോടുന്നതും പതിവാണ്.