ഷൊർണൂർ: ഒടുവിൽ ആശങ്കകൾക്കെല്ലാം വിരാമമായി. വനിതാ ഡോക്ടറെ കടിച്ചതു പാമ്പല്ല, എലി. ഷൊർണൂർ – നിലമ്പൂർ പാസഞ്ചറിൽ യാത്രക്കാരിയെ പാമ്പു കടിച്ചെന്ന വാർത്ത ഇന്നലെ രാവിലെയാണ് വ്യാപകമായി പ്രചരിച്ചത്.
ഇതോടെ അന്വേഷണങ്ങളുടെ ബഹളമായി. നിലമ്പൂർ പാസഞ്ചറിൽ യാത്രയ്ക്കിറങ്ങിയവരുടെ ബന്ധുക്കളും അങ്കലാപ്പിലായി. അവസാനം കടിച്ച “പ്രതി’യെയും കടികൊണ്ടയാളെയും തിരിച്ചറിഞ്ഞതോടെയാണു പുകിൽ അവസാനിച്ചത്.
കുളപ്പുള്ളി വിഷ്ണു ആയുർവേദ ആശുപത്രിയിലെ ഡോക്ടർ നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശിനി ഗായത്രി(25)ക്കാണു കടിയേറ്റത്.
വിദഗ്ധപരിശോധനയിൽ വിഷാംശം കണ്ടെത്താനായില്ല. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്തതിനാൽ ഡോ. ഗായത്രി ആശുപത്രി വിട്ടു. ബോഗിയിൽ നടത്തിയ പരിശോധനയിൽ എലിയെ കണ്ടെത്തുകയും ചെയ്തു.
ഇന്നലെ രാവിലെ ഏഴിനു നിലമ്പൂരിൽനിന്നു ഷൊർണൂരിലേക്കുവന്ന ട്രെയിൻ വല്ലപ്പുഴ എത്തുന്നതിനുമുന്പാണ് സംഭവം. വാണിയമ്പലത്തുനിന്നാണ് ഗായത്രി ട്രെയിനിൽ കയറിയത്. വല്ലപ്പുഴയെത്തുന്ന സമയത്താണ് കാലിലെന്തോ കടിച്ചതായി സംശയം തോന്നിയത്.
ചെറിയ മുറിവും കണ്ടു. തെരഞ്ഞെങ്കിലും കടിച്ചതെന്താണെന്നു മനസിലായില്ല. വല്ലപ്പുഴ സ്റ്റേഷനിൽ എത്തിയപ്പോൾ ഇറങ്ങി ആശുപത്രിയിലേക്കു പോകുകയായിരുന്നു. ട്രെയിൻ നിലമ്പൂർ സ്റ്റേഷനിലെത്തിയപ്പോൾ വിശദമായി പരിശോധിച്ചെങ്കിലും ബോഗിക്കുള്ളിൽ കണ്ടെത്തിയത് ഒരു എലിയെമാത്രം. ട്രെയിനിന്റെ അടിഭാഗവും പരിശോധിച്ചു. ഇതിനിടെ വാർത്തകൾ പലതും പ്രചരിച്ചു.