തൃശൂർ: യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമായ തൃശൂരിൽ നിന്ന് എറണാകുള ത്തേക്കും തിരിച്ചുമുള്ള ഗുരുവായൂർ - എറണാകുളം പാസഞ്ചർ സർവീസ് പുനരാരംഭിക്കുന്നു.
റിസർവേഷൻ ആവശ്യമില്ലാത്ത പ്രത്യേക എക്സ്പ്രസ് സർവീസ് ആയാണ് ട്രെയിൻ വീണ്ടും ഓടിത്തുടങ്ങുന്നത്. ആദ്യ സർവീസ് ഇന്നു വൈകീട്ട് 7.50ന് എറണാകുളത്തു നിന്നും പുറപ്പെടും. നാളെ രാവിലെ 6.50നാണു ഗുരുവായൂരിൽ നിന്നുള്ള ആദ്യ യാത്ര.
കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ച സർവീസ് ഒന്നര വർഷത്തിനു ശേഷമാണ് ഇപ്പോൾ സർവീസിനു തയാറെടുക്കുന്നത്. വൈകീട്ട് 7.50ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന സർവീസ് രാത്രി 9.33 നു തൃശൂരും 10.30ന് ഗുരുവായൂരുമെത്തും.
പിന്നേറ്റ് രാവിലെ 6.50 നാണ് ഗുരുവായൂരിൽ നിന്നുള്ള മടക്കയാത്ര. 7.13നു തൃശൂർ എത്തുന്ന ട്രെയിൻ 9. 25ന് എറണാകുളം ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും. സീസണ് ടിക്കറ്റുകാർക്കും സ്റ്റേഷനുകളിൽ നിന്നും തത്സമയം ടിക്കറ്റ് എടുക്കുന്നവർക്കും യാത്ര ചെയ്യാം.
നെല്ലായി, ഡിവൈൻ നഗർ, കൊരട്ടി, ചൊവ്വര, കളമശേരി എന്നിവിടങ്ങളിൽ ഒഴികെ എല്ലായിടത്തും നിർത്തുന്ന സർവീസിന് എക് സ്പ്രസ് ട്രെയിന്റെ നിരക്കാണു വാങ്ങുന്നത്. പാസഞ്ചർ സർവീസിലേക്കു മാറുന്ന ഘട്ടത്തിൽ നിരക്കു കുറയും.