സ്വന്തം ലേഖകൻ
തൃശൂർ: പോലീസിൽ മൂന്നാംമുറ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്രത്തിൽ ആദ്യമായി ഓഡിറ്റോറിയത്തിനകത്ത് ഓണ്‍ലൈനായി നടന്ന പാസിംഗ് ഒൗട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാംമുറ പ്രയോഗിക്കുന്നവർക്ക് പോലീസിൽ ഒരു സ്ഥാനവും ഉണ്ടാകില്ല. കുറ്റവാളികളോടു കർക്കശമായ നിലപാടു സ്വീകരിക്കണം. സാധാരണക്കാരോടു തികഞ്ഞ സൗഹൃദത്തോടെയാകണം സമീപനം. പലതരം പ്രലോഭനങ്ങളും ഉണ്ടാകാം.
അവയെ ചെറുക്കണം. അതിൽനിന്നു വ്യതിചലിച്ചാൽ അതു കണ്ടെത്തുന്ന ഘട്ടത്തിൽതന്നെ സർക്കാർ കൈയൊഴിയും. മഹാമാരിയെ പ്രതിരോധിക്കുന്നതിനിടയിലാണ് പോലീസ് സേനയിലേക്ക് നിങ്ങൾ ഇറങ്ങുന്നത്. മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങൾ ഈ നാടിന്റെ അഭിമാനമായിത്തീരണം. പോലീസ് സർവീസ് പാവനമാണ്. ജനങ്ങളുമായി ഇടപഴകുകയും സംവദിക്കുകയും അവർക്ക് ആവശ്യമായ സേവനങ്ങൾ നൽകുകയും ചെയ്യുന്ന സേവനമേഖലയാണ്.
പരിശീലനകാലത്ത് നേടിയ അറിവുകൾ പ്രായോഗിക ബുദ്ധിയോടെ പ്രവർത്തനതലത്തിൽ എത്തിക്കുന്പോഴാണ് മികവു നേടുന്നത്. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വമാണ് നിങ്ങളെ കാത്തിരിക്കുന്നത്.
മടിയും ഭയവുമില്ലാതെ പോലീസ് സ്റ്റേഷനിൽ കടന്നുവന്ന് പരാതി പറയാൻ ഓരോ വ്യക്തിക്കും കഴിയണം. പൊതുസമൂഹത്തിന് അനുഗുണമായാണ് പ്രവർത്തിക്കേണ്ടതെന്ന കാര്യം സർവീസ് കാലത്തുടനീളം ഓർമിക്കണം.
അദ്ദേഹം പറഞ്ഞു. രാമവർമപുരം പോലീസ് അക്കാദമി ഓഡിറ്റോറിയത്തിൽ സാമൂഹിക അകലം പാലിച്ചു നിന്ന 104 എസ്ഐമാരുടെ പാസിംഗ് ഒൗട്ടേ പരേഡിന് തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്നുകൊണ്ട് ഓണ്‍ലൈനായാണ് അഭിവാദ്യം ചെയ്തത്. ഡിജിപി ലോക്നാഥ് ബെഹ്റ പോലീസ് ആസ്ഥാനത്തുനിന്നും പങ്കെടുത്തു.
ഓഡിറ്റോറിയത്തിൽ നിരന്ന എസ്ഐമാർക്കു മുന്നിലെ വേദിയിൽ അക്കാദമി ഡയറക്ടർ ഡോ. ബി സന്ധ്യ സല്യൂട്ട്, ഡിഐജി ട്രെയിനിംഗ് നീരജ് കുമാർ ഗുപ്ത എന്നിവരും സന്നിഹിതനായിരുന്നു. ബെസ്റ്റ് കേഡറ്റായി എം. സരിതയേയും വിവിധ മേഖലകളിൽ മികവു തെളിയിച്ച കെ. സുഹൈൻ. എം. മനീഷ്, സി.എസ്. അഭിരാം, സി.എസ്. സൂരജ് എന്നിവരേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
ഇവർക്കുള്ള ട്രോഫികൾ ബി. സന്ധ്യ സമ്മാനിച്ചു. കൊല്ലം ജില്ലക്കാരനായ എം. മനീഷ് പരേഡ് കമാൻഡറായി. പി.പി. പവിത്രൻ ബാൻഡ് വാദ്യം നയിച്ചു.