തൊടുപുഴ: കുളമാവിന്റെ കുളിർമയിൽ വിളവസന്തമായി പാഷൻ ഫ്രൂട്ട് കൃഷി. കരിമണ്ണൂർ പള്ളിക്കാമുറി സ്വദേശിയും യുവകർഷകനുമായ പതിയിൽ മേജോയുടെ കൃഷിയിടം കണ്ടാൽ ആരും നോക്കിനിന്നു പോകും.
പോഷകങ്ങളുടെ കലവറയായ പാഷൻ ഫ്രൂട്ട് കൃഷിയിൽ വിജയ ഗാഥ രചിക്കുകയാണ് ഈ യുവകർഷകൻ.
പരന്പരാഗത കൃഷി രീതിയും ആധുനിക കൃഷിവിജ്ഞാനീയവും സംയോജിപ്പിച്ചാണ് ഇദ്ദേഹത്തിന്റെ കൃഷി.
വിലത്തകർച്ചമൂലം വർഷങ്ങളായി നടത്തിവന്നിരുന്ന ഏത്തവാഴ കൃഷിയിൽ കൈ പൊള്ളിയതോടെയാണ് ഇദ്ദേഹം പാഷൻ ഫ്രൂട്ട് കൃഷിയിലേക്ക് ചുവടുമാറാൻ തീരുമാനിച്ചത്.
കാർഷിക ജില്ലയായ ഇടുക്കിയിൽ പാഷൻ ഫ്രൂട്ട് കൃഷി ഇനിയും കാര്യമായി വേരുപിടിച്ചിട്ടില്ല.
സ്വന്തം ആവശ്യത്തിനായി വീടിനോടു ചേർന്ന് ഒന്നോ രണ്ടോ ചുവട് നട്ടുപിടിപ്പിക്കുന്നവരാണ് ഏറെയും.
കുളമാവിൽ രണ്ടേക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ് മേജോ പാഷൻ ഫ്രൂട്ട് കൃഷി നടത്തിവരുന്നത്.
മികച്ചയിനം പാഷൻഫ്രൂട്ട് കണ്ടെത്തി ഇവയുടെ വിത്തുകൾ പാകി മുളപ്പിച്ചാണ് തൈ നട്ടത്. അതിനാൽ ഗുണമേ· കൂടിയ തൈ നടാനായി. പത്തടി അകലത്തിൽ തടമെടുത്ത് ഓരോ കുഴിയിലും മൂന്നുതൈകൾ വരെ നട്ടു.
വളർച്ചയെത്തുന്നതനുസരിച്ച് വള്ളികൾ കയറ്റിവിടുന്നതിനായി പ്രത്യേക പന്തലും തയാറാക്കി. ജിഐ പൈപ്പാണ് പന്തലിന് തൂണായി ഉപയോഗിച്ചത്.
മുകൾ ഭാഗത്ത് പന്തലിന്റെ ഭാരം താങ്ങുന്നതിനായി പ്രത്യേക രീതിയിൽ ഹുക്ക് വെൽഡ് ചെയ്ത് പിടിപ്പിച്ചു.
പിന്നീട് വലിപ്പം കുറഞ്ഞ കന്പി വലിച്ചുകെട്ടി. തൈ നട്ടതു മുതൽ പന്തൽനിർമാണം വരെയുള്ള ഭൂരിഭാഗം ജോലികളും സ്വന്തമായാണ് ചെയ്തത്.
ഇടവേളകളിൽ ചാണക സ്ലറിയും കോഴിവളവും ചെടികൾക്ക് നൽകിയതോടെ മികച്ചവിളവും ലഭിച്ചുതുടങ്ങി.
വീട്ടിൽനിന്നു ദിവസവും 25 കിലോമീറ്റർ അകലെയുള്ള സ്ഥലത്തെത്തി കഠിനാധ്വാനം ചെയ്ത് മണ്ണിൽ പൊന്നുവിളയിച്ചതിന്റെ ആത്മസംതൃപ്തിയിലാണ് മേജോ.
തൈനട്ട് ആറാം മാസം കായ്ഫലമായി. 72 മുതൽ 80 ദിവസത്തിനുള്ളിൽ വിളവെടുപ്പ് നടത്താനായി.
എന്നാൽ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുകയാണ് കർഷകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഇദ്ദേഹം പറയുന്നു.
പല സന്ദർഭങ്ങളിലും വ്യാപാരികൾ നിശ്ചയിക്കുന്ന വിലയ്ക്ക് ഉത്പന്നം വിറ്റഴിക്കേണ്ടി വരുന്നതുമൂലം പ്രതീക്ഷിക്കുന്ന വില ഉത്പന്നങ്ങൾക്ക് ലഭിക്കാറില്ല.
ഹോർട്ടി കോർപ്പ് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ വിപണി വില നൽകി സംഭരിക്കാൻ തയാറായാൽ മികച്ച വില ലഭ്യമാകുന്നതിലൂടെ കൂടുതൽ യുവാക്കൾ പാഷൻഫ്രൂട്ടടക്കമുള്ള കൃഷിയിലേക്ക് കടന്നുവരുമെന്നും ഇദ്ദേഹം പറയുന്നു.