ജനീവ: ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ട് എന്ന നേട്ടം സ്വീഡിഷ് പാസ്പോർട്ടിന്. നോമണ്ട് കാപ്പിറ്റലിസ്റ്റ് നടത്തിയ പഠനത്തിലാണു സ്വീഡിഷ് പാസ്പോർട്ട് നേട്ടം സ്വന്തമാക്കിയത്. വീസ ഫ്രീ യാത്ര, നികുതി, വ്യക്തത, ഇരട്ടപൗരത്വം, സ്വാതന്ത്ര്യം എന്നിവയെ അടിസ്ഥാനമാക്കിയാണ് പാസ്പോർട്ടിന്റെ കരുത്ത് നിശ്ചയിച്ചത്.
സ്വീഡിഷ് പാസ്പോർട്ട് സ്വന്തമായവർക്കു വീസ കൂടാതെ 176 രാജ്യങ്ങളിലേക്കു യാത്രചെയ്യാൻ കഴിയും. ബെൽജിയത്തിന്റെ പാസ്പോർട്ടാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഇറ്റലി മൂന്നാമതും സ്പെയിൻ, അയർലൻഡ്, ഫിൻലൻഡ്, ജർമനി, ഡെൻമാർക്ക്, സ്വിറ്റ്സർലൻഡ്, ലക്സംബർഗ് തുടങ്ങിയ പാസ്പോർട്ടുകൾ തുടർന്നുള്ള സ്ഥാനങ്ങളും നേടി. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിനും ജിബൂട്ടിക്കുമൊപ്പം 160ാം സ്ഥാനത്താണ് ഇന്ത്യൻ പാസ്പോർട്ട്. വീസയില്ലാതെ 52 രാജ്യങ്ങളിലേക്കു മാത്രമാണ് ഇന്ത്യൻ പാസ്പോർട്ട് സ്വന്തമായുള്ളവർക്കു യാത്ര ചെയ്യാൻ കഴിയുന്നത്. പാക്കിസ്ഥാൻ പട്ടികയിൽ 176ാം സ്ഥാനത്താണ്. ഗൾഫ് രാജ്യങ്ങളിൽ യുഎഇ പാസ്പോർട്ടാണ് ഏറ്റവും ശക്തം. കുവൈറ്റ്, ഖത്തർ, ഒമാൻ തുടങ്ങിയ രാജ്യങ്ങളാണു ഗൾഫ് രാജ്യങ്ങളുടെ പട്ടികയിൽ തുടർന്നുള്ള സ്ഥാനങ്ങളിൽ.