പാസ്പോര്‍ട്ട് എടുക്കുകയെന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പാസ്പോര്‍ട്ട് കയ്യിലില്ലാത്തതിന്റെ പേരില്‍ ജോലിയും യാത്രയുമെല്ലാം ഒഴിവാക്കേണ്ടി വരുന്നവരുമുണ്ട്. എന്നാല്‍ പഴയതുപോലെ പാസ്പോര്‍ട്ട് ഓഫീസിനുമുന്നിലെ നീണ്ട നിരയില്‍ കാത്തുനിന്ന് ക്ഷീണിക്കേണ്ട അവസ്ഥയൊന്നും ഇപ്പോഴില്ല. എളുപ്പത്തില്‍ പാസ്പോര്‍ട്ട് ലഭിക്കുന്ന സംവിധാനം നിലവില്‍ വന്നുകഴിഞ്ഞു. ആര്‍ക്കും എളുപ്പത്തില്‍ പാസ്പോര്‍ട്ട് എടുക്കാം. അതിന്റെ നടപടിക്രമങ്ങളും ലളിതമാണ്.
1 പാസ്പോര്‍ട്ട് ലഭിക്കുന്നതിന് ആദ്യം ചെയ്യേണ്ടത് ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുക എന്നതാണ്. ഈ വെബ് സൈറ്റ് ഓപ്പണ്‍ ചെയ്യുക. http://www.passportindia.gov.in/AppOnlineProject/welcomeLink
ഫീസ്
ഓണ്‍ലൈന്‍ അപേക്ഷയ്‌ക്കൊപ്പം നിര്‍ദ്ദിഷ്ട ഫീസും ഇ-പേമെന്റായി അടയ്ക്കണം. 36 പേജുള്ള പാസ്പോര്‍ട്ടിന് 1500 രൂപയും 60 പേജുള്ള പാസ്പോര്‍ട്ടിന് 2000 രൂപയുമാണ് ഫീസ്. ഇനി ഒരു ദിവസംകൊണ്ട് ലഭ്യമാകുന്ന തത്കാല്‍ പാസ്പോര്‍ട്ട് ആണ് വേണ്ടതെങ്കില്‍ ചെലവ് കൂടും. 36 പേജുള്ള തത്കാല്‍ പാസ്പോര്‍ട്ടിന് 3500 രൂപയും 60 പേജുള്ള തത്കാല്‍ പാസ്പോര്‍ട്ടിന് 4000 രൂപയുമാണ് ഫീസ്.
പാസ്പോര്‍ട്ട് എപ്പോള്‍ ലഭിക്കും?
സാധാരണഗതിയിലുള്ള പാസ്പോര്‍ട്ട് 20 ദിവസത്തിനുള്ളിലും തത്കാല്‍ പാസ്പോര്‍ട്ട് ഒരു ദിവസംകൊണ്ടും ലഭ്യമാകും.
ആവശ്യമായ രേഖകള്‍
പാസ്പോര്‍ട്ട് സേവാകേന്ദ്രത്തില്‍ നിര്‍ദ്ദിഷ്ട തീയതിയില്‍ അപേക്ഷകന്‍ നേരിട്ട് ഹാജരാകണം. ജനനതീയതി തെളിയിക്കുന്ന രേഖ (എസ്എസ്എല്‍സി ബുക്ക്), ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ (ഇലക്ഷന്‍ ഐഡി കാര്‍ഡ്), മേല്‍വിലാസം തെളിയിക്കുന്ന രേഖ (ഇലക്ഷന്‍ ഐഡി കാര്‍ഡ് അല്ലെങ്കില്‍ ആധാര്‍), പൌരത്വം തെളിയിക്കുന്ന രേഖ(ഇലക്ഷന്‍ ഐഡി കാര്‍ഡ്) എന്നിവയാണ് ഹാജരാക്കേണ്ടത്. മേല്‍പ്പറഞ്ഞ രേഖകളുടെ അസല്‍ കോപ്പിയും ഫോട്ടോ കോപ്പിയും കരുതണം.
തത്കാലിനായി അപേക്ഷ സമര്‍പ്പിച്ചാല്‍ ഒന്നോ രണ്ടോ ദിവസം കൊണ്ട് പാസ്പോര്‍ട്ട് ലഭിക്കും. വെരിഫിക്കേഷന്‍ ആവശ്യമില്ലാത്തതോ, പാസ്പോര്‍ട്ട് ലഭിച്ചശേഷം വെരിഫിക്കേഷന്‍ മതിയെന്നുള്ളതുമായവ മൂന്ന് ദിവസം കൊണ്ട് ലഭിക്കും. വെരിഫിക്കേഷന്‍ ആവശ്യമുള്ളവ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് കിട്ടിയാല്‍ എപ്പോള്‍ വേണമെങ്കിലും ലഭിക്കും.
21 ദിവസമാണ് വെരിഫിക്കേഷനെടുക്കുന്ന സമയം. വെരിഫിക്കേഷനായെത്തുന്ന പോലീസുകാര്‍ക്ക് ഒരുതരത്തിലും കാശ് കൊടുക്കേണ്ട കാര്യമില്ല. വെരിഫിക്കേഷനു ചെല്ലുന്ന പോലീസുകാര്‍ക്കുള്ള തുക സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നുണ്ട്. പാസ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്കടക്കം ആര്‍ക്കും പാസ്പോര്‍ട്ട് തടഞ്ഞുവയ്ക്കാന്‍ അധികാരമില്ല. പൗരത്വം, ക്രിമിനലാണോ തുടങ്ങിയ കാര്യങ്ങള്‍, പിന്നെ അപേക്ഷയില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ വിലാസമടക്കം ശരിയാണോ എന്നു പരിശോധിക്കുക തുടങ്ങിയവയാണ് വെരിഫിക്കേഷനില്‍ ഉള്‍പ്പെടുന്നത്.
പാസ്പോര്‍ട്ട് ഓഫീസിനു മുന്നിലടക്കം നിരവധി ഏജന്റുമാരെ കാണാം. എന്നാല്‍ ഒരുതരത്തിലും അവരെ സമീപിക്കരുത്. പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങളില്‍ ചെന്നു നേരിട്ടുതന്നെ പാസ്പോര്‍ട്ട് ലഭിക്കാനാവശ്യമായ കാര്യങ്ങള്‍ ചെയ്യണം. പാസ്പോര്‍ട്ട് എടുക്കുന്നതിനാവശ്യമായ രേഖകള്‍ തീര്‍ച്ചയായും സേവാകേന്ദ്രങ്ങളില്‍ ചെല്ലുമ്പോള്‍ കരുതേണ്ടതാണ്.