കട്ടപ്പന: വീസ തട്ടിപ്പുസംഘത്തിലെ കട്ടപ്പന വള്ളക്കടവ് കണ്ടത്തിൽ അന്നമ്മ ജോർജിന്റെ (സിനി-36) വാടകവീട്ടിൽ കട്ടപ്പന പോലീസ് പരിശോധന നടത്തി. വ്യാജ ഓഫർ ലെറ്ററുകൾ, നിരവധി പേരുടെ പാസ്പോർട്ടിന്റെ പകർപ്പുകൾ, അന്നമ്മ മുന്പ് നടത്തിയിരുന്ന സ്ഥാപനത്തിന്റെ വിവരങ്ങൾ, അന്നമ്മയുടെ പല മേൽവിലാസത്തിലുള്ള തിരിച്ചറിയൽ രേഖകൾ, പണം നൽകിയ ഉദ്യോഗാർഥികളുടെ വിവരങ്ങൾ എന്നിവ കണ്ടെടുത്തു.
വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന രണ്ട് കന്പ്യൂട്ടറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കട്ടപ്പന എസ്ഐ സന്തോഷ് സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്പലക്കവലയിലെ വാടകവീട്ടിൽ പരിശോധന നടത്തിയത്.
അന്നമ്മ ഉൾപ്പെടുന്ന സംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 66 പേരിൽ നിന്നായി മൂന്നരക്കോടിയോളം രൂപ കബളിപ്പിച്ചതായാണ് പരാതിയുള്ളത്. കാനഡയിൽ ജോലി വാഗ്ദാനംചെയ്ത് ഖത്തറിലെത്തിച്ച ഉദ്യോഗാർഥികളൾ രക്ഷപ്പെട്ട് നാട്ടിലെത്തുകയായിരുന്നു. അന്നമ്മയുടെ മുൻകൂർ ജാമ്യാപേക്ഷ മുട്ടം കോടതി തള്ളിയതോടെ ഇവർ ഒളിവിലാണ്. രാജാക്കാട് സ്റ്റേഷനിലും സംസ്ഥാനത്തിന്റെ വിവിധ സ്റ്റേഷനുകളിലും ഇവർക്കെതിരേ കേസുകൾ നിലവിലുണ്ട്.