മാതാപിതാക്കൾ കുട്ടികൾക്ക് പല വെറൈറ്റി പേരുകളും ഇടാറുണ്ട്. എന്നാൽ ചില സമയത്ത് അവ പൊല്ലാപ്പായി മാറാറുമുണ്ട്. അത്തരത്തിൽ പേരിട്ട് പുലിവാല് പിടിച്ച അമ്മയുടെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കാലിഫോർണിയയിലെ ലൂസി എന്ന യുവതി തന്റെ മകൾക്ക് ഗെയിം ഓഫ് ത്രോൺസ് കഥാപാത്രമായ ഖലീസിയുടെ പേരാണ് നൽകിയത്. എന്നാൽ പേരിട്ടതിന്റെ ബുദ്ധിമുട്ട് ലൂസി നേരിട്ടത് മകൾക്ക് പാസ്പോർട്ട് എടുക്കുന്ന സമയത്താണ്.
പാരീസിലേക്ക് പോകുന്നതിനായി പാസ്പോർട്ട് അപേക്ഷിക്കാനായി എത്തിയപ്പോഴാണ് പേരിന്റെ ട്രേഡ് മാർക്ക് ഉടമയായ വാർണർ ബ്രദേഴ്സിന്റെ സമ്മതമുണ്ടെങ്കിൽ മാത്രമേ ആ പേരിൽ പാസ്പോർട്ട് അനുവദിക്കാൻ സാധിക്കുകയുള്ളൂ എന്ന് അധികൃതർ പറഞ്ഞു.
ഇത് കേട്ട് ലൂസി ആദ്യം ഭയന്നെങ്കിലും നിയമപോരാട്ടം നടത്താമെന്ന് ഉറച്ച് പറഞ്ഞു. നിയമ വിദഗ്ധർ നൽകിയ മറുപടി യുവതിക്ക് ആശ്വാസം പകരുന്നത് ആയിരുന്നു. കാരണം ഗെയിം ഓഫ് ത്രോൺസ് ഉൽപ്പന്നങ്ങളും സേവനങ്ങളും മാത്രമേ ട്രേഡ് മാർക്കിൽ ഉൾപ്പെടുകയുള്ളൂ എന്നും വ്യക്തികളുടെ പേരുകൾ ഉൾപ്പെടില്ലെന്നും പറഞ്ഞതോടെ ലൂസി ഹാപ്പി ആയി.
അബദ്ധം തിരിച്ചറിഞ്ഞതോടെ പാസ്പോർട്ട് അധികൃതർ തങ്ങൾക്ക് സംഭവിച്ച പിഴവിന് ക്ഷമാപണം നടത്തുകയും ഖലീസിയുടെ പാസ്പോർട്ട് ഉടൻ ലഭ്യമാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.