കൊച്ചി: പാസ്പോർട്ട് അപേക്ഷകളിന്മേലുള്ള പോലീസ് വെരിഫിക്കേഷൻ നടപടികൾ രണ്ടു ദിവസത്തിനുള്ളിൽ 100 ശതമാനം പൂർത്തിയാക്കി എറണാകുളം റൂറൽ ജില്ലാ പോലീസ് തുടർച്ചയായി ഒന്പതാം മാസവും സംസ്ഥാനത്ത് ഒന്നാമതെത്തി. സേനാംഗങ്ങൾതന്നെ രൂപപ്പെടുത്തിയെടുത്ത പുതിയ പാസ്പോർട്ട് വെരിഫിക്കേഷൻ സംവിധാനം (ഇ-വിഐപി) നിലവിൽവന്നതോടെയാണു വെരിഫിക്കേഷൻ ജോലി വേഗത്തിലായത്.
പൂർണമായും പേപ്പർരഹിതമായി പ്രവർത്തിക്കുന്നതാണ് ഇ-വിഐപി സംവിധാനം. പരീക്ഷണാടിസ്ഥാനത്തിൽ ഒന്പത് മാസം മുന്പാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. പാസ്പോർട്ട് ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചാൽ 45 ദിവസത്തിനകം അപേക്ഷകനു പാസ്പോർട്ട് ലഭ്യമാക്കണമെന്നും പോലീസ് വെരിഫിക്കേഷൻ നടപടികൾ 21 ദിവസത്തിനകം പൂർത്തിയാക്കി റിപ്പോർട്ട് അതാത് പാസ്പോർട്ട് ഓഫീസിൽ സമർപ്പിക്കണമെന്നുമാണു നിലവിലുള്ള ചട്ടം.
പാസ്പോർട്ട് അപേക്ഷകളിന്മേലുള്ള പോലീസ് വെരിഫിക്കേഷൻ 21 ദിവസത്തിനകം പൂർത്തിയാക്കി തീർപ്പുകൽപ്പിക്കുന്ന ഓരോ അപേക്ഷയ്ക്കും പോലീസ് സേനയ്ക്കു കേന്ദ്രസർക്കാരിൽനിന്നു 150 രൂപ വീതം ലഭിക്കും. മുൻകാലങ്ങളിൽ പല കാരണങ്ങളാൽ വെരിഫിക്കേഷൻ ജോലി വൈകുന്നതിനാൽ സേനയ്ക്കു ലഭിക്കേണ്ട ഈ തുകയിൽ വലിയ കുറവ് സംഭവിക്കാറുണ്ടായിരുന്നു.