കൊച്ചി: എറണാകുളം റൂറൽ ജില്ലയിൽ പാസ്പോർട്ടിന്റെ പോലീസ് വെരിഫിക്കേഷൻ സ്മാർട്ട് ഫോണ്‍ മുഖേന ഓണ്‍ലൈനിൽ ആരംഭിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം എറണാകുളം റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് ജില്ലാ പോലീസ് മേധാവി എ.വി. ജോർജ് നിർവഹിച്ചു. എല്ലാ പോലീസ് സ്റ്റേഷനുകളിലും പോലീസ് വെരിഫിക്കേഷൻ നടത്തുന്നതിനായി 50 സ്മാർട്ട് ഫോണുകളുടെ വിതരണവും നടന്നു.
പുതിയ പദ്ധതിപ്രകാരം പാസ്പോർട്ടിന്റെ പോലീസ് വെരിഫിക്കേഷൻ നടപടികൾ വേഗതയിലും കടലാസ് രഹിതവുമായി നടക്കും. ഇതുവരെ പാസ്പോർട്ട് ഓഫീസിൽനിന്നു ജില്ലാ പോലീസ് ആസ്ഥാനത്തേക്കും അവിടെനിന്നു ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്കും അതുപോലെ തിരിച്ചും അപേക്ഷയുടെ പ്രിന്റൗട്ടും റിപ്പോർട്ടും എടുത്ത് അയയ്ക്കുകയായിരുന്നു പതിവ്.
ഇനി മുതൽ E-VIP (Eletcronic Verification in Passport) എന്ന മൊബൈൽ ഫോണ്‍ ആപ്പിലൂടെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് അനുവദിച്ചിട്ടുള്ള മൊബൈൽ ഫോണ്‍ വഴി ഫോർവേഡ് ചെയ്താൽ മതി.ഇതുവഴി ആറു മണിക്കൂറിനുള്ളിൽ പാസ്പോർട്ട് അച്ചടിച്ചു നൽകാനാകുമെന്നും പരീക്ഷണടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ച ഈവിധം നൽകിയെന്നും അധികൃതർ അറിയിച്ചു.
ഗൂഗിളിൽ E-VIP എന്ന് ടൈപ്പ് ചെയ്താൽ e-VIP (Eletcronic Verification in Passport) എന്ന ആപ്പ് വഴി പൊതുജനങ്ങൾക്ക് അവരവരുടെ പാസ്പോർട്ട് അപേക്ഷയുടെ തൽസ്ഥിതി അറിയാനും സംവിധാനമുണ്ട്. സംസ്ഥാനത്തു പാസ്പോർട്ടിന്റെ പോലീസ് വെരിഫിക്കേഷൻ ഓണ്‍ലൈൻ വഴി ആക്കിയ അഞ്ചാമത്തെ പോലീസ് ജില്ലയാണ് എറണാകുളം റൂറൽ ജില്ല. മലപ്പുറം, തൃശൂർ സിറ്റി, തൃശൂർ റൂറൽ, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇതിനകം നടപ്പാക്കിയിട്ടുള്ളത്.
ഉദ്ഘാടനം കഴിഞ്ഞയുടൻ ഫോണുകൾ തിരികെവാങ്ങി
ആലുവ: പാസ്പോർട്ടിന്റെ പോലീസ് വെരിഫിക്കേഷന് ഓൺലൈൻ വഴിയാക്കുന്ന പദ്ധതിയുടെ ഭാഗമായി പോലീസ് സ്റ്റേഷനുകളിലേക്കു വിതരണം ചെയ്ത സ്മാർട്ട്ഫോണുകൾ ഉദ്ഘാടനം കഴിഞ്ഞയുടൻ തിരികെവാങ്ങിയതായി പരാതി. സിം ഇട്ടശേഷം മടക്കിനൽകാമെന്നറിയിച്ചാണു ഫോണുകൾ തിരികെവാങ്ങിയതെന്നു പറയുന്നു. ഓൺലൈൻ വെരിഫിക്കേഷൻ ആരംഭിച്ചതറിഞ്ഞ് ഉപഭോക്താക്കൾ സമീപിക്കുന്പോൾ എന്തു പറയുമെന്ന ആശങ്കയിലാണു പോലീസ് ഉദ്യോഗസ്ഥർ.