സ്വന്തം ലേഖിക
കൊച്ചി: ‘PASSWORD’ എന്നാണോ നിങ്ങളുടെ പാസ്വേഡ് എങ്കില്‍ സൂക്ഷിക്കണമെന്ന മു്ന്നറിയിപ്പ് നല്‍കുകയാണ് പോലീസ്. പാസ്വേഡുകള് ലളിതമാകുമ്പോള് ഹാക്കര്‍മാര്‍ക്ക് അക്കൗണ്ടിലേക്ക് നുഴഞ്ഞുകയറാനുള്ള മാര്‍ഗവും എളുപ്പമാണ്.
2022 ല്‍ 34 ലക്ഷം ഇന്ത്യക്കാര്‍ പാസ്വേഡായി ഉപയോഗിച്ച വാക്ക് ‘PASSWORD’ എന്നതാണ്. 123456 എന്ന പാസ്വേഡ് ഉപയോഗിക്കുന്നത് രണ്ടുലക്ഷം പേരെന്നാണ് ഒരു ഓണ്‍ലൈന്‍ സെക്യൂരിറ്റി ഏജന്‍സിയുടെ പാസ്വേഡ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.
സ്വന്തം പേരിനൊപ്പമോ പ്രിയപ്പെട്ടവരുടെ പേരിനോടൊപ്പമോ 1234 ചേര്‍ത്ത് പാസ്വേഡ് ഉണ്ടാക്കുന്നവരും ഏറെയാണ്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, മറ്റു സൈറ്റുകള്‍ തുടങ്ങി സൈബര്‍ ഇടങ്ങളിലും ആപ്പുകളിലുമായി നിരവധി അക്കൗണ്ടുകളുള്ള പലരും എളുപ്പത്തില്‍ ഓര്‍ക്കാനായി എല്ലാത്തിനും ഒരേ പാസ് വേഡാണ് നല്‍കുന്നത്.
ഇത് ഹാക്കര്‍മാര്‍ക്ക് അക്കൗണ്ട് എളുപ്പത്തില്‍ ലോഗിന്‍ ചെയ്യാന്‍ സഹായിക്കും. ഡിജിറ്റല്‍ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ശക്തവും രഹസ്യവുമായ പാസ് വേഡുകള്‍ ഉപയോഗിക്കണമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്.
ഇതു ശ്രദ്ധിക്കാം
പാസ് വേഡിലെ ക്യാരക്ടറുകളുടെ എണ്ണം കൂടുംതോറും പാസ് വേഡ് സ്ട്രോങ്ങ് ആയിരിക്കും. മിനിമം എട്ട് മുതല്‍ 12 വരെ ക്യാരക്റ്റര്‍ ഉണ്ടായിരിക്കണം. നമ്പറുകള്‍, $, % തുടങ്ങിയ സ്പെഷല്‍ ക്യാരക്ടറുകള്‍, അക്ഷരങ്ങള്‍ (വലുതും ചെറുതും), സ്പെയ്സ് എന്നിവ ഇടകലര്‍ത്തി പാസ്വേഡ് ഉണ്ടാക്കണം. വീട്ടുപേര്, വീട്ടിലുള്ളവരുടെ പേരുകള്‍, സുഹൃത്തുക്കള്‍, ജന്മദിനം, ജനിച്ച വര്‍ഷം, തുടങ്ങി ഊഹിക്കാന്‍ കഴിയുന്ന വാക്കുകള്‍ ഒഴിവാക്കണം.
മറ്റുള്ളവര്‍ക്ക് ഊഹിച്ചെടുക്കാന്‍ പറ്റാത്ത എന്നാല്‍ എളുപ്പമുള്ളതുമായ വാക്കുകള്‍ തെരഞ്ഞെടുക്കുക. അവയില്‍ അക്ഷരങ്ങളും സ്പെഷ്യല്‍ ക്യാരക്ടറുമെല്ലാം ഇടകലര്‍ത്തണം.
- ഒരു ഇ- മെയിലിനും എന്‍ക്രിപ്റ്റഡ് അല്ലാത്ത മെസേജിങ് സംവിധാനങ്ങള്‍ വഴിയും പാസ്വേഡോ യൂസര്‍ ഐഡിയോ കൊടുക്കാതിരിക്കുക. ഇ-മെയില്‍ സേവന ദാതാക്കളോ ബാങ്കുകളോ ഈ മെയിലിലൂടെ പാസ്വേഡോ മറ്റു സ്വകാര്യ വിവരങ്ങളും ആവശ്യപ്പെടാറില്ല.
- ഒന്നില്‍ കൂടൂതല്‍ അക്കൗണ്ടുകള്‍ക്ക് ഒരേ പാസ്വേഡുകള് ഉപയോഗിക്കാതിരിക്കുക. പ്രത്യേകിച്ച് സുപ്രധാനമായ അക്കൗണ്ടുകള്‍ക്ക്.
- യൂസര്‍ ഐഡിയോടു സാമ്യമുള്ള പാസ്വേഡുകള് ഉപയോഗിക്കാതിരിക്കുക.
- പാസ്വേഡുകള് എഴുതി സൂക്ഷിക്കുകയാണെങ്കില്‍ അതിന്റെ സുരക്ഷ ഉറപ്പു വരുത്തണം.
- സര് ഐഡിയും പാസ്വേഡും വ്യത്യസ്ത ഇടങ്ങളില്‍ മാറ്റി ഉപയോഗിക്കാതിരിക്കുക.
- നിങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാസ്വേഡായി ഉപയോഗിക്കരുത്. ഉദാ: ജനനത്തീയതി, വാഹന രജിസ്ട്രേഷന് നമ്പര്‍, മക്കളുടേയോ ഭാര്യയുടേയോ പേര് തുടങ്ങിയവ.
- വളരെ ലളിതവും ഊഹിക്കാന്‍ എളുപ്പവും ഉള്ള സാധാരണ പാസ്വേഡുകള് ആയ PASSWORD, ABCD, ABC123, abc123* തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
- കീബോര്‍ഡില്‍ അടുത്തടുത്തു വരുന്ന അക്ഷരങ്ങളും അക്കങ്ങളും പാസ്വേഡായി ഉപയോഗിക്കാതിരിക്കുക. (ഉദാ: QWERTY, ASDFG, ZXCV തുടങ്ങിയവ)
- നിങ്ങളുടെ സ്വന്തം കംപ്യൂട്ടറില്‍ ആണെങ്കില്‍ കൂടി ബ്രൗസറുകളില്‍ പാസ്വേഡുകള് സൂക്ഷിക്കുമ്പോള്‍ അവയേ ഒരു മാസ്റ്റര്‍ പാസ്വേഡ് കൊണ്ട് സുരക്ഷിതമാക്കുക.
- ഇന്റര്‍നെറ്റ് കഫേകളിലൂടെയും മറ്റും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഉണ്ടെന്ന് ഉറപ്പു വരുത്തുക. മാത്രമല്ല കുക്കീസ്, ബ്രൗസിംഗ് ഹിസ്റ്ററി തുടങ്ങിയവ നീക്കം ചെയ്യണം.