കോട്ടയം: മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീയെ മർദിച്ച സംഭവത്തിൽ പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് കണിയാംകുന്ന് ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന കൊല്ലം കൊട്ടാരക്കര കരീപ്ര പുത്തൻവീട്ടിൽ അനിൽകുമാർ (52)നെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കോട്ടയം കേന്ദ്രീകരിച്ചു സ്വന്തമായി പ്രാർഥനാലയം നടത്തുന്നയാളാണ് അനിൽകുമാർ. മാസങ്ങൾക്കു മുന്പ് മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീയും അമ്മയും അനിൽകുമാറിന്റെ പ്രാർഥനാലയത്തിൽ എത്തി. മകളുടെ മാനസികാസ്വാസ്ഥ്യം പ്രാർഥനയിലൂടെ മാറ്റിത്തരാമെന്ന് അനിൽകുമാർ ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചു.
തുടർന്ന് അനിൽകുമാർ മണർകാട് കണിയാംകുന്നിലെ വാടകവീട്ടിൽ ഭാര്യയ്ക്കും മക്കളോടുമൊപ്പം മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീയെയും അമ്മയെയും താമസിപ്പിച്ചു. പിന്നീട് പ്രാർഥനയും ആരംഭിച്ചു. കഴിഞ്ഞ 23നു രാത്രിയിൽ സ്ത്രീക്കു മാനസിക അസ്വാസ്ഥ്യം മൂർച്ഛിക്കുകയും പരസ്പരവിരുദ്ധമായി കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു. ഇതേത്തുടർന്ന് അനിൽകുമാർ സ്ത്രീയെ ചൂരൽ കൊണ്ട് ദേഹോപദ്രവം ഏൽപിക്കുകയും മാനഹാനി വരുത്തുവാൻ ശ്രമിക്കുകയും ചെയ്തു.
സ്ത്രീയുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാർ മണർകാട് പോലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി സ്ത്രീയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച അനിൽ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.