കറുകച്ചാൽ: പ്രാർഥനയ്ക്കായി പോയ വീട്ടിലെ പെണ്കുട്ടിയുമായി ഒളിച്ചോടിയ പാസ്റ്റർ പോലീസ് പിടിയിൽ. ചാമംപതാൽ മാപ്പിളക്കുന്നേൽ എം.സി. ലൂക്കോസി (58)നെയാണ് പൊൻകുന്നത്തുനിന്നും കറുകച്ചാൽ പോലീസ് പിടികൂടിയത്.
മകളുടെ പ്രായമുള്ള മുണ്ടക്കയം സ്വദേശിനിയായ യുവതിയുമായിട്ടായിരുന്നു പാസ്റ്ററിന്റെ ഒളിച്ചോട്ടം. കറുകച്ചാൽ സ്വദേശിയായ പാസ്റ്ററിനെ കാണാതായുള്ള വീട്ടുകാരുടെ പരാതിയിലുള്ള അന്വേഷണമാണ് പ്രേമബന്ധവും ഒളിച്ചോട്ടവും വെളിച്ചത്താക്കിയത്.
ഞാൻ രണ്ടു മാസത്തേയ്ക്ക് ഒരു തീർഥാടനത്തിലാണ്. എന്നെ അന്വേഷിക്കേണ്ട, ഫോണിലും വിളിക്കണ്ടാ എന്നു കത്തെഴുതിവെച്ചാണ് പാസ്റ്റർ കുറച്ചു ദിവസങ്ങൾക്കു മുന്പ് നാടുവിട്ടത്.
കത്ത് കിട്ടിയിട്ടും പാസ്റ്ററുടെ ബന്ധുക്കൾ കറുകച്ചാൽ പോലീസിൽ പരാതി നല്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. സൈബർ സെല്ലിന്റ സഹായത്തോടെ പരിശോധന നടത്തിയപ്പോർ ഫോണ് ലൊക്കേഷൻ പ്രകാരം ഇയാൾ മുണ്ടക്കയത്ത് എത്തിയതായി വിവരം ലഭിച്ചു.
ഇതോടെ മുണ്ടക്കയം സ്റ്റേഷനുമായി പോലീസ് ബന്ധപ്പെട്ടു സിസിടിവി കാമറകൾ പരിശോധിച്ചു. ഇതേ സമയത്താണ് മുണ്ടക്കയം സ്റ്റേഷനിൽ ഒരു യുവതിയെ കാണാതായ പരാതിയും ലഭിച്ചത്.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പാസ്റ്ററിന്റെ തീർഥാടനം ഈ യുവതിയുമൊത്തുള്ള ഒളിച്ചോട്ടമാണെന്ന കാര്യം പുറം ലോകമറിയുന്നത്. ആറുമാസം മുന്പ് പാസ്റ്റർ യുവതിയുടെ വീട്ടിൽ പ്രാർഥനയ്ക്കായി എത്തിയിരുന്നു.
തുടർന്ന് നിരന്തരം ഫോണിൽ ബന്ധപ്പെടുകയും ഇരുവരും പ്രണയത്തിലാകുകയുമായിരുന്നു. ടാപ്പിംഗ് തൊഴിലാളിയായിരുന്ന പാസ്റ്റർ ദിവസം മുഴുവൻ ഫോണിലായിരുന്നു.
അതിരാവിലെ ടാപ്പിംഗ് ജോലിക്കിടയിലും ഇയാൾ ഫോണിൽ പെ ൺകുട്ടിയുമായി സംസാരിച്ചിരുന്നു. വാട്സ് ആപ്പ് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലും പാസ്റ്റർ സജീവമായിരുന്നു.
ഫോണിൽ സംസാരിക്കുന്നതാരാണെന്നുള്ളതിനു പലർക്കും വേണ്ടി പ്രാർഥന നടത്തുകയാന്നെന്നാണ് ഇയാൾ കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നത്.
യുവതിക്ക് വിവാഹാലോചനകൾ വന്നതോടെയാണ് ഇരുവരും നാടുവിടാൻ തീരുമാനിച്ചത്. കഴിഞ്ഞ 27നു മുണ്ടക്കയത്തെത്തിയ പാസ്റ്റർ ഇരുവരുടെയും മൊബൈൽ ഫോണുകൾ വിറ്റതിനുശേഷം യുവതിയുമായി തമിഴ്നാട്ടിലേക്കു കടന്നു.
ബൈക്ക് വിറ്റ പണംകൊണ്ട് കന്പം, തേനി തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ലോഡ്ജുകളിൽ കഴിയുകയായിരുന്നു. അവിടെനിന്നും തിരികെ പൊൻകുന്നത്തെത്തിയപ്പോഴാണ് പോലീസ് പിടിയിലായത്.
വീട്ടുകാരുടെ പരാതിയിൽ യുവതിയുടെ മൊബൈൽ നന്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാസ്റ്ററുമായി യുവതിക്കു അടുപ്പമുള്ളതായി പോലീസ് കണ്ടെത്തിയത്.