തിരുവനന്തപുരം: ഏതു മലയാളിയുടെയും സ്വപ്നമാണ് വിദേശത്ത് ഒരു ജോലി, പ്രത്യേകിച്ച് വന്‍ ശമ്പളവും സുഖജീവിതവും വാഗ്ദാനം ചെയ്യുന്ന യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലാണ് ജോലി എന്നു കേട്ടാല്‍ മലയാളി ചാടിവീഴും. മലയാളികളുടെ വിദേശജോലി പ്രേമം മുതലെടുത്ത് നടത്തുന്ന തട്ടിപ്പുകള്‍ക്കും ഒട്ടും കുറവല്ല. അത്തരം തട്ടിപ്പുകളുടെ പട്ടികയില്‍ ഏറ്റവും അവസാനമായി പുറത്ത് വരുന്നത് കര്‍ണ്ണാടകയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ഏഷ്യന്‍ ഫെഡറേഷന് ഫോര്‍ പെന്തകോസ്തല്‍ ചര്‍ച്ചസ് അംഗവുമായ സജി സൈമണ്‍ എന്ന പാസ്റ്ററുടെ പേരാണ്. കാനഡയില്‍ ജോലി തരപ്പെടുത്താം എന്ന് പറഞ്ഞാണ് തൃശ്ശൂര്‍ കുന്നംകുളം സ്വദേശിയായ സജി സൈമണ്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തത്.
കൊല്ലം, കോട്ടയം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുമുള്ള അഞ്ചു പേരാണ് പാസ്റ്ററുടെ തട്ടിപ്പിനിരയായത്. 2016 എപ്രില്‍, മെയ് മാസങ്ങളിലായിട്ടാണ് പാസ്റ്റര്‍ക്ക് പണം ബാങ്ക് അക്കൗണ്ട് വഴി കൈമാറിയതെന്നും തട്ടിപ്പിനിരയായ യുവതിയുടെ ഭര്‍ത്താവ് പറയുന്നു. കൊല്ലം കുണ്ടറ നല്ലില സ്വദേശിയായ ലിജു പാസ്റ്റര്‍ക്കെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ്. കാനഡയില്‍ ജോലിയും ആറ് മാസം കഴിയുമ്പോള്‍ പെര്മനെന്റ് റെസിഡന്‍സിയും ശരിയാക്കാം എന്ന് വാഗ്ദാനം നല്‍കിയാണ് ഓരോരുത്തരില്‍ നിന്നും ഇയാള്‍ രണ്ടര ലക്ഷം രൂപ വീതം വാങ്ങിയത്.
കുണ്ടറയിലെ ഏഷ്യന്‍ ഫെഡറേഷന് ഫോര്‍ പെന്തകോസ്തല്‍ ചര്‍ച്ചസിന്റെ ഓഫീസില്‍ വച്ചാണ് സജി സൈമണിനെ ലിജുവിന്റെ അച്ഛന് അലക്സാണ്ടര്‍ എബ്രഹാം പരിചയപ്പെടുന്നത്. താന്‍ നിരവധി ആളുകളെ വിദേശത്തേക്ക് അയച്ചിട്ടുണ്ടെന്നും കാനഡയിലെ ടൊറന്റോയിലെ മൗണ്ട് സീനായ് ഹോസ്പിറ്റലില്‍ ജോലി വാങ്ങി തരാം എന്നായിരുന്നു ഉറപ്പ്. പാസ്റ്റര്‍ ആയതുകൊണ്ടും അതിലുപരി ഡോക്ടറായതിനാലുമാണ് തങ്ങള്‍ ഇയാളുടെ വാക്കുകള്‍ വിശ്വസിച്ചതെന്നും പരാതിക്കാര്‍ പറയുന്നു.
ജോലിയ്ക്കു കയറുമ്പോള്‍ തന്നെ 3200 കനേഡിയന്‍ ഡോളര്‍(ഒന്നര ലക്ഷം രൂപ) ശമ്പളം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.ഇതിന് പുറമേ താമസ സൗകര്യവും ഭക്ഷണവും ആശുപത്രി അധികൃതര്‍ നല്‍കുമെന്നും പറഞ്ഞാണ് പാസ്റ്റര്‍ വിശ്വസിപ്പിച്ചത്. വിസയുടേയും ജോലിയുടേയും അപേക്ഷയ്ക്കായി പൂരിപ്പിച്ച് നല്‍കേണ്ട ഫോമുകള്‍ കൊറിയറായ അയച്ച് തരാമെന്ന് പറഞ്ഞിരുന്നു. ഇതെല്ലാം അയച്ചു തന്നത് അനുസരിച്ച് തിരികെ പൂരിപ്പിച്ച് അയച്ച് കൊടുക്കുകയും ചെയ്തു. എംബസിയില്‍ നിന്നും അഭിമുഖത്തിനും ആശുപത്രി അധികൃതരും ബന്ധപ്പെടുമെന്നും ഇയാള്‍ അറിയിച്ചിരുന്നു.
ഒക്ടോബറില്‍ കാനഡയിലേക്കു പോകാന്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ നിര്‍ദ്ദേശവും നല്കി. പിന്നീട് രണ്ട് തവണയായി രണ്ടരലക്ഷം രൂപ ഫെഡറല്‍ ബാങ്കിന്റെ ശാഖയിലേക്ക് പാസ്റ്റര്‍ പറഞ്ഞ പ്രകാരം ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തതായും ലിജോ പറയുന്നു. പിന്നീട് ഒക്ടോബര്‍ മാസത്തോട് അടുത്തിട്ടും വിദേശയാത്രയ്ക്കുള്ള മറ്റ് കാര്യങ്ങളൊന്നും ശരിയാകാതെ വന്നതോടെയാണ് സംശയം തോന്നിയത്.ബന്ധുക്കള്‍ ഓരോ സംശയം പ്രകടിപ്പിച്ച് തുടങ്ങിയതോടെ പാസ്റ്റര്‍ ഫോണെടുക്കാതെ ഒഴിഞ്ഞ് മാറിതുടങ്ങി. പിന്നീട് ലിജോയുടെ ബന്ധുക്കളും മറ്റും ഫോണ്‍ വിളിച്ചു. അപ്പോഴൊക്കെ ഒഴിവു കഴിവുകള്‍ പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച പാസ്റ്റര്‍ പിന്നീട് ഭീഷണിയുടെ സ്വരം പുറത്തെടുക്കുകയായിരുന്നു.
അതേസമയം കാനഡയിലേക്ക് കൊണ്ട് പോകാം എന്ന് പറഞ്ഞ് താന്‍ പണം വാങ്ങിയിട്ടുണ്ടെന്ന് സജി സൈമണ്‍ സമ്മതിക്കുകയും ചെയ്യുന്നുണ്ട്. പണം വാങ്ങി എന്നത് സത്യം തന്നെ പക്ഷേ അത് തട്ടിപ്പിനാണെന്ന് പറയുന്നതിന് അടിസ്ഥാനമില്ലെന്നും പാസ്റ്റര്‍ പറയുന്നു. സ്പോണ്‍സര്‍ഷിപ്പോടെ കാനഡയിലേക്ക് കൊണ്ട് പോകാമെന്നാണ് താന്‍ നല്കിയ ഉറപ്പെന്നും സ്പോണ്‍സര്‍ഷിപ്പ് റെഡിയാകാത്തതിനാലാണ് കാലതാമസമുണ്ടായതെന്നും പാസ്റ്റര്‍ പറയുന്നുണ്ട്. അവരുടെ പണം വാങ്ങിയത് ബാങ്ക് വഴിയാണ്. തട്ടിപ്പിനായിട്ടാണെങ്കില്‍ രേഖയാകുമെന്ന് ഉറപ്പുള്ള ബാങ്കുവഴി വാങ്ങേണ്ട കാര്യമില്ലല്ലോയെന്നും പാസ്റ്റര്‍ പറയുന്നു. കാലതാമസം വന്നതിലെ വിശ്വാസമില്ലായ്മയാണ് ഇപ്പോഴുണ്ടായതെന്നും മൂന്ന് നാല് ദിസത്തിനുള്ളില്‍ പണം തിരികെ ലഭിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ടെന്നും പാസ്റ്റര്‍ പറയുന്നു. എന്നാല്‍ പണം നഷ്ടമായവരും ബന്ധുക്കളും ഈ വാക്കുകള്‍ മുഖവിലയ്ക്കെടുക്കാന്‍ തയ്യാറല്ല.