ഗാന്ധിനഗർ: റോഡിൽ പശുവിനെ കെട്ടിയിരിക്കുന്നത് ഗതാഗതത്തിന് തടസമാകുന്നുവെന്ന് പരാതി.ഗാന്ധിനഗർ മെഡിക്കൽ കോളജ് റോഡിൽ കെഎസ്ഇബി ഓഫീസിന് മുൻവശത്തെ ഇലക്്ട്രിക് പോസ്റ്റിലാണ് പുല്ല് തിന്നുന്നതിനായി പശുവിനെ കെട്ടിയിട്ടിരിക്കുന്നത്.
എന്നാൽ കയറിന്റെ നീളം കൂടിയതിനാൽ പശു കൂടുതൽ സമയവും റോഡിൽ ഇറങ്ങി നിൽക്കുകയാണ് പതിവ്.മെഡിക്കൽ കോളജ് റോഡായതിനാൽ രോഗികളുമായി ആംബുലൻസ് അതിവേഗത്തിൽ വരുന്പോഴാണ് റോഡിന്റെ നടുവിൽ പശു നിൽക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുന്നത്.
ഉടനെ വാഹനം വെട്ടിച്ചു മാറ്റുന്നതിനാൽ പശു അപകടത്തിൽപ്പെടാതെ രക്ഷപ്പെടുന്നു. എന്നാൽ ആംബുലൻസിലുള്ള രോഗിക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഏതു സമയവും രോഗികളുമായി ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ സഞ്ചരിക്കുന്ന മെഡിക്കൽ കോളജ് റോഡിൽ കന്നുകാലികളെ കെട്ടരുതെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.